| Wednesday, 16th October 2024, 9:40 am

ഈ ഹെയര്‍ കട്ട് ബോഗെയ്ന്‍വില്ലക്ക് വേണ്ടി ആയിരുന്നില്ല; പിന്നീട് സിനിമക്ക് ആപ്റ്റായി വന്നു: ജ്യോതിര്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളക്ക് ശേഷം ജ്യോതിര്‍മയി നായികയായി എത്തുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ഇത്. ചിത്രത്തില്‍ ജ്യോതിര്‍മയിക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്.

ഈയിടെ ആയിരുന്നു സിനിമയിലെ ഒരു പ്രൊമോ ഗാനം പുറത്തിറങ്ങിയത്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച ‘സ്തുതി’ എന്ന ആ പാട്ട് നിമിഷങ്ങള്‍ക്കകം തന്നെ ശ്രദ്ധ നേടിയിരുന്നു. അതില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും ജ്യോതിര്‍മയിയുടെ വ്യത്യസ്തമായ ഗെറ്റപ്പുമായിരുന്നു വലിയ ചര്‍ച്ചയായത്. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആ ഗെറ്റപ്പിനെ കുറിച്ച് പറയുകയാണ് ജ്യോതിര്‍മയി.

‘ഈ ഹെയര്‍ കട്ട് ആദ്യമേ ഞാന്‍ ചെയ്തിരുന്നു. കൊവിഡ് സമയത്താണ് ഞാന്‍ ആദ്യമായി ഷേവ് ചെയ്യുന്നത്. അമല്‍ തന്നെയായിരുന്നു അന്ന് മുടി ഷേവ് ചെയ്തു തന്നത്. ഞാന്‍ ചെറുപ്പത്തിലോ വളരെ കുഞ്ഞായിരുന്നപ്പോഴോ ഒരിക്കലും തന്നെ മുടി ഷേവ് ചെയ്തിരുന്നില്ല.

അതുകൊണ്ട് തന്നെ മുടി ഷേവ് ചെയ്ത് കളഞ്ഞാല്‍ എന്നെ കാണാന്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചിരുന്നു. അങ്ങനെ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. കൊവിഡിന്റെ സമയത്ത് പിന്നെ നമ്മള്‍ പുറത്തൊന്നും പോകുന്നില്ലല്ലോ. പരീക്ഷണങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയമായിരുന്നു അത്. അതിന്റെ ഭാഗമായിട്ട് ഞാന്‍ വെറുതെ ഷേവ് ചെയ്യുകയായിരുന്നു.

അതുകൊണ്ട് തന്നെ ആ ലുക്ക് അമലിന്റെ മനസില്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഈ കഥ വരുമ്പോഴേക്കും എനിക്ക് മുടി കുറച്ച് വളര്‍ന്നിരുന്നു. അപ്പോഴാണ് ഒന്നുകൂടെ മുടി വെട്ടിയാലോയെന്ന് അമല്‍ പറയുന്നത്. അത് ഈ സ്റ്റോറിയിലേക്ക് വളരെ ആപ്റ്റായി വരികയായിരുന്നു. അങ്ങനെയാണ് ഞാന്‍ വീണ്ടും ഈ ലുക്കിലേക്ക് വരുന്നത്,’ ജ്യോതിര്‍മയി പറഞ്ഞു.


Content Highlight: Jyothirmayi Talks About Her Haircut And Bougainvillea Movie

Latest Stories

We use cookies to give you the best possible experience. Learn more