2001ല്‍ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ജ്യോതിര്‍മയി. തന്റെ മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ജ്യോതിര്‍മയി സ്വന്തമാക്കി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജ്യോതിര്‍മയി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.
സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജ്യോതിര്‍മയിയുടെ തിരിച്ചു വരവ് ചിത്രമായിരുന്നു ഈ അടുത്തിറങ്ങിയ ബോഗെയ്ന്‍വില്ല. തിയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതിര്‍മയിയെ കൂടാതെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.
ബോഗെയ്ന്‍വില്ല ഇറങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന എക്‌സൈറ്റ്‌മെന്റിനെ കുറിച്ച് സംസാരിക്കുകയാണ് ജ്യോതിര്‍മയി. സ്‌കൂള്‍ വാര്‍ഷികത്തിന് വേണ്ടി പഠിച്ചത് തന്റെ മാതാപിതാക്കളെ കാണിക്കുമ്പോഴുള്ള ഒരു കുട്ടിയുടെ ആവേശമായിരുന്നു തനിക്കെന്ന് ജ്യോതിര്‍മയി പറയുന്നു. ഇത്തരം ഒരു എക്‌സൈറ്റ്‌മെന്റ് അനുഭവിച്ചിട്ട് കാലങ്ങളായെന്നും താരം കൂട്ടിച്ചേര്‍ത്തു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിര്‍മയി.
‘ബോഗെയ്ന്‍വില്ല സിനിമ ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ വളരെ എക്സൈറ്റഡ് ആയിരുന്നു. ഒരു ചെറിയ കുട്ടി സ്‌കൂള്‍ വാര്‍ഷികത്തിന് എന്തെങ്കിലും പഠിച്ചിട്ട് അവരുടെ അച്ഛനേയും അമ്മയെയും അപ്പൂപ്പനെയുമൊക്കെ കാണിക്കാനുള്ള ആ കുട്ടിയുടെ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടല്ലോ, ഉത്ക്കണ്ഠയേക്കാള്‍ കൂടുതല്‍ സന്തോഷം കൊണ്ടുള്ള ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടല്ലോ, അതാണ് എനിക്ക്. ആ ഒരു ഫീല്‍ ആയിരുന്നു.
സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നു എന്നറിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ സന്തോഷം തോന്നുന്നു. ഇത്തരം ഒരു എക്‌സൈറ്റ്‌മെന്റ് എനിക്ക് ഫീല്‍ ചെയ്തിട്ട് കുറെ കാലമായി. അവസാനമായി ഏത് സിനിമ ചെയ്തപ്പോഴാണ് ഇങ്ങനെ ഉണ്ടായതെന്നുപോലും എനിക്കറിയില്ല,’ ജ്യോതിര്‍മയി പറയുന്നു.
Content Highlight: Jyothirmayi Talks About Her Excitement Before Releasing Bougainvillea