ഫഹദിനും എനിക്കും കഥാപാത്രമാകാന്‍ സമയമെടുത്തു; സീരിയസായ സീനിലെ ഞങ്ങളുടെ ചിരി കണ്ട് അമല്‍ ഇടപ്പെട്ടു: ജ്യോതിര്‍മയി
Entertainment
ഫഹദിനും എനിക്കും കഥാപാത്രമാകാന്‍ സമയമെടുത്തു; സീരിയസായ സീനിലെ ഞങ്ങളുടെ ചിരി കണ്ട് അമല്‍ ഇടപ്പെട്ടു: ജ്യോതിര്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th October 2024, 2:08 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ജ്യോതിര്‍മയി. നടി ആദ്യമായി ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല. ഒരു ഇടവേളക്ക് ശേഷം ജ്യോതിര്‍മയി നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്.

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ബോഗെയ്ന്‍വില്ലക്കുണ്ട്. ഇപ്പോള്‍ ഫഹദിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജ്യോതിര്‍മയി. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഫഹദിന്റെ കൂടെ ഞാന്‍ സിനിമകള്‍ ചെയ്തിരുന്നില്ല. ആദ്യമായിട്ടായിരുന്നു അവന്റെ കൂടെ ഒരു പ്രൊജക്ട് ചെയ്യുന്നത്. പക്ഷെ ഫഹദും നസ്രിയയും ഞങ്ങളുടെ നല്ല ഫ്രണ്ട്‌സായിരുന്നു. വളരെ ക്ലോസ് ഫ്രണ്ട്‌സാണെന്ന് വേണം പറയാന്‍.

സിനിമയില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ആദ്യം ചെയ്യാന്‍ ഉണ്ടായിരുന്ന സീന്‍ വളരെ സീരിയസായ ഒന്നായിരുന്നു. അത് ചെയ്യുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വലിയ ചിരിയായിരുന്നു. ഫ്രണ്ട് എന്ന രീതിയില്‍ നിന്നും ഞങ്ങള്‍ക്ക് ആ കഥാപാത്രത്തിലേക്ക് മാറാന്‍ കുറച്ച് നേരമെടുത്തു.

അമല്‍ ഞങ്ങളുടെ ചിരി കണ്ടിട്ട് ‘താന്‍ ഇതിന്റെ പ്രൊഡ്യൂസറല്ലേ, ഇങ്ങനെ ചിരിച്ചാല്‍ എങ്ങനെയാണ്’ എന്ന് പോലും ചോദിച്ചു. അത്തരത്തില്‍ കുറച്ച് രസകരമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ആ കഥാപാത്രത്തിലേക്ക് കയറിയപ്പോള്‍ ഓക്കെയായി,’ ജ്യോതിര്‍മയി പറയുന്നു.

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. ഫഹദ് ഫാസിലിനും ജ്യോതിര്‍മയിക്കും പുറമെ കുഞ്ചാക്കോ ബോബന്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഈ ചിത്രത്തില്‍ ഒന്നിക്കുന്നത്.


Content Highlight: Jyothirmayi Talks About Fahadh Faasil And Bougainvillea Movie