ബോഗെയ്ന്‍വില്ല; രക്ഷപ്പെടാനായി കാല് തല്ലിയൊടിച്ചാലോ എന്നുവരെ ഞാന്‍ ചിന്തിച്ചു: ജ്യോതിര്‍മയി
Entertainment
ബോഗെയ്ന്‍വില്ല; രക്ഷപ്പെടാനായി കാല് തല്ലിയൊടിച്ചാലോ എന്നുവരെ ഞാന്‍ ചിന്തിച്ചു: ജ്യോതിര്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th October 2024, 2:49 pm

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് ഇത്.

ഈയിടെ ആയിരുന്നു ബോഗെയ്ന്‍വില്ലയിലെ ഒരു പ്രൊമോ ഗാനം പുറത്തിറങ്ങിയത്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച ‘സ്തുതി’ എന്ന ആ പാട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. അതില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും ജ്യോതിര്‍മയിയുടെ ഗെറ്റപ്പുമായിരുന്നു ഏറ്റവും വലിയ ചര്‍ച്ചയായത്. ഇപ്പോള്‍ പാട്ടിലെ തന്റെ ഡാന്‍സിനെ കുറിച്ച് പറയുകയാണ് ജ്യോതിര്‍മയി.

ആദ്യം ഡാന്‍സിനെ കുറിച്ച് കേട്ടപ്പോള്‍ നല്ല ടെന്‍ഷനായിരുന്നു എന്നാണ് നടി പറയുന്നത്. ഒഴിവുകഴിവ് പറഞ്ഞ് പിന്മാറിയാലോയെന്നും ഡാന്‍സില്‍ നിന്ന് രക്ഷപ്പെടാനായി കാല് തല്ലിയൊടിച്ചാലോ എന്നുവരെ വിചാരിച്ചുവെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആദ്യം ഈ ഡാന്‍സിനെ കുറിച്ച് കേട്ടപ്പോള്‍ നല്ല ടെന്‍ഷനായി. ഇത് എങ്ങനെ ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. അവര് വളരെ സിമ്പിളായിട്ടാണ് ഓരോ സ്‌റ്റെപ്പുകളും കാണിച്ചു തന്നത്. ഞാനാണെങ്കില്‍ കുറേ വര്‍ഷങ്ങളായി എന്തെങ്കിലുമൊന്ന് ചെയ്തിട്ട്, അതായത് എക്‌സസൈസ് പോലും ചെയ്തിട്ട് കുറേ നാളായിരുന്നു. ദൈവമേ ഇതിന് ഞാനില്ലെന്ന് ഓര്‍ത്തു.

എങ്ങനെ ഒഴിവുകഴിവ് പറഞ്ഞ് പിന്മാറാമെന്നും ചിന്തിച്ചു. ഇതില്‍ നിന്ന് രക്ഷപ്പെടാനായി കാല് തല്ലിയൊടിച്ചാലോ എന്ന് വരെ ഞാന്‍ വിചാരിച്ചിരുന്നു. പക്ഷെ കൊറിയോഗ്രഫിയുടെ ആ ടീം വലിയ രീതിയില്‍ ഞങ്ങളെ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. അവര്‍ കൃത്യമായ റിഹേഴ്‌സലുകള്‍ തന്ന് പതുക്കെ പതുക്കെ ഞങ്ങളെ കൊണ്ട് ആ കല്ലെടുപ്പിച്ചു,’ ജ്യോതിര്‍മയി പറയുന്നു.

തനിക്ക് ഡാന്‍സിന്റെ കാര്യം കേട്ട ശേഷം ആവശ്യത്തില്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. താന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ടെന്നത് എല്ലാവരുടെയും ഒരു തെറ്റിദ്ധാരണയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ബുദ്ധിമുട്ടായിരുന്നില്ല, ടെന്‍ഷന്‍ ആയിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് പഠിച്ച് ചെയ്യുന്ന ആളാണ് എന്നത് എല്ലാവരുടെയും ഒരു തെറ്റിദ്ധാരണയാണ്. ഞാന്‍ സത്യത്തില്‍ ഡാന്‍സ് പഠിച്ചിട്ടില്ല.

ഒരു വര്‍ഷം ഭരതനാട്യമായിരുന്നു പഠിച്ചത്. അതും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. ഞാന്‍ ചെയ്ത സിനിമകളില്‍ ഒരുപാട് നല്ല ഗാന രംഗങ്ങളും ഡാന്‍സ് സ്റ്റെപ്പുകളും വന്നിരുന്നു. അത് അത്യാവശ്യം ഹിറ്റായത് കൊണ്ടാകണം അങ്ങനെയൊരു മുള്‍കിരീടം എന്റെ മേല്‍ വന്നത്.

ഇപ്പോള്‍ ഒരുപാട് നാളായി ഡാന്‍സോ പരിപാടികളോ ഇല്ലായിരുന്നു. പിന്നെ ഒരുപാട് നാളിന് ശേഷമാണ് ഈ അവസരം ലഭിക്കുന്നത്. ഇന്‍സ്റ്റയിലും റീല്‍സിലുമൊക്കെ ഓരോ പയ്യന്മാര്‍ വന്ന് പിടക്കുന്നത് നമ്മള്‍ കണ്ടതാണ്.

അങ്ങനെയൊക്കെ ചെയ്താല്‍ കയ്യും കാലും ഒടിയുമോയെന്ന് സംശയിച്ചു. അതുകൊണ്ട് എന്റെ കാല് വിറക്കുകയായിരുന്നു. അത് എന്റെ സ്റ്റെപ്പായിരുന്നോ അതോ കാലിന്റെ വിറയല്‍ കറക്ട് മീറ്ററില്‍ സിങ്കായതാണോ എന്ന് സംശയമുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


Content Highlight: Jyothirmayi Talks About Bougainvillea Movie