| Saturday, 12th October 2024, 11:50 am

ഞാന്‍ ആ സിനിമകള്‍ കാണുമ്പോള്‍, നിന്റെ ഉള്ളില്‍ ഇത്രയും വയലന്‍സുണ്ടോയെന്ന് അമല്‍ ചോദിക്കും: ജ്യോതിര്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധായകാനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അമല്‍ നീരദ്. ആദ്യ ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് വലിയ രീതിയിലുള്ള ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കാന്‍ ബിഗ് ബിക്ക് കഴിഞ്ഞു. അതിലൂടെ അമല്‍ നീരദ് പടം എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. ആക്ഷന്‍ സിനിമകളാണ് അദ്ദേഹം കൂടുതലും ചെയ്തിട്ടുള്ളത്.

അമല്‍ നീരദിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ണറും നടിയുമായ ജ്യോതിര്‍മയി. അമല്‍ നീരദ് സിനിമകളില്‍ വയലന്‍സ് ഉണ്ടെങ്കിലും അദ്ദേഹം പൊതുവെ വയലന്‍സ് ഇഷ്ടമില്ലാത്ത ആളാണെന്ന് ജ്യോതിര്‍മയി പറയുന്നു. എന്ത് ചെയ്താലും സ്‌റ്റൈല്‍ ആയിട്ട് കാണിക്കുക എന്നതാണ് അമലിന്റെ രീതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൊറര്‍ സിനിമകളോ പേടിപ്പെടുത്തുന്ന സിനിമകളോ അദ്ദേഹം കാണാറില്ലെന്നും താന്‍ അത്തരം സിനിമകള്‍ കാണുമ്പോള്‍ നിന്റെ ഉള്ളില്‍ ഇത്രയും വയലന്‍സ് ഉണ്ടായിരുന്നോയെന്ന് അമല്‍ നീരദ് ചോദിക്കാറുണ്ടെന്നും ജ്യോതിര്‍മയി പറയുന്നു. സമാധാന പ്രിയനാണ് അദ്ദേഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിയുന്നു ജ്യോതിര്‍മയി.

‘വയലന്‍സ് പൊതുവെ അമല്‍ നീരദിന് ഇഷ്ടമല്ല. പുള്ളിക്ക് സ്‌റ്റൈല്‍ ആണ് ഇഷ്ടം. എന്ത് ചെയ്താലും സ്‌റ്റൈല്‍ ആയിട്ട് കാണിക്കുക. വയലന്‍സുള്ള സിനിമകള്‍ അമല്‍ കാണില്ല. ഹൊറര്‍ സിനിമകളോ അല്ലെങ്കില്‍ അങ്ങനത്തെ പേടിപ്പിക്കുന്ന കാര്യങ്ങളുള്ള സിനിമകളൊന്നും അമല്‍ കാണുന്നത് ഒഴിവാക്കും.

അമല്‍ കുറച്ചു കൂടി സമാധാന പ്രിയനും എല്ലാവരോടും സ്‌നേഹം ഉള്ള ആളൊക്കെയാണ്. ഞാന്‍ ചില സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നിന്റെ ഉള്ളില്‍ ഇത്ര വയലന്‍സ് ഉണ്ടായിരുന്നോ എന്ന് അമല്‍ ചോദിക്കാറുണ്ട്. പുള്ളിക്ക് ചിലപ്പോള്‍ അത്രയും വയലന്‍സുള്ള സിനിമകള്‍ കാണാന്‍ പറ്റണമെന്നില്ല,’ ജ്യോതിര്‍മയി പറയുന്നു.

ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ബോഗെയ്ന്‍വില്ല. ഒരിടവേളക്ക് ശേഷം ജ്യോതിര്‍മയി പ്രധാനവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബോഗെയ്ന്‍വില്ലക്കുണ്ട്. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ ഒരുപിടി മികച്ച അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Jyothirmayi Talks About Amal Neerad

We use cookies to give you the best possible experience. Learn more