ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ തന്നെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് അമൽ നീരദ്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാളികളുടെ മനസ്സിൽ അമൽ നീരദ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ ആ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് വന്ന സാഗർ ഏലിയാസ് ജാക്കി, അൻവർ, വരത്തൻ തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടി.
മേക്കിങ്ങിൽ എപ്പോഴും ഇന്റർനാഷണൽ ടച്ച് പിടിക്കുന്ന അമലിന്റെ സിനിമകൾ എപ്പോഴും വിദേശ ചിത്രങ്ങളുടെ ഇൻസ്പറേഷനാണെന്ന തരത്തിൽ ചില അഭിപ്രായങ്ങൾ വരാറുണ്ട്. ഇതിനോട് പ്രതികരിക്കുകയാണ് നടിയും അമൽ നീരദിന്റെ പാർട്നർ കൂടിയായ ജ്യോതിർമയി.
ഓരോ സിനിമകൾ ഇറങ്ങുമ്പോഴും ഏത് സിനിമയിൽ നിന്നാണ് ഇൻസ്പയറായതെന്ന് അമൽ കൃത്യമായി പറയാറുണ്ടെന്നും പല സംവിധായകരും അങ്ങനെയാണെന്നും ജ്യോതിർമയി പറയുന്നു.
സിനിമയിൽ ആദ്യമായി വരുന്നത് നമ്മളല്ലെന്നും സ്വാഭാവികമായി മറ്റ് സിനിമകളെല്ലാം നമ്മളെ സ്വാധീനിക്കാമെന്നും ജ്യോതിർമയി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ജ്യോതിർമയി.
‘അതിനെ കുറിച്ച് ബോധമുള്ളത് കൊണ്ടാണല്ലോ ഇൻസ്പയറാവുന്നത്. ഓരോ സിനിമകൾ ഇറങ്ങുമ്പോഴും ഏത് ചിത്രത്തിൽ നിന്നാണ് ഇൻസ്പയറായതെന്ന് അമൽ കൃത്യമായി പറയാറുണ്ട്. അല്ലാതെ ആരും കണ്ടുപിടിച്ച് പറയുന്നതൊന്നുമല്ല. പുള്ളി തന്നെ പറയാറുണ്ട്.
അങ്ങനെ ചില സിനിമകൾ ഇൻസ്പയേർഡ് ആവാറുണ്ട്. എനിക്ക് തോന്നുന്നത് പല ഫിലിം മേക്കേർസും അങ്ങനെയാണ്. അമൽ മാത്രമല്ല. ഫിലിമിൽ ആദ്യമായി വരുന്നത് നമ്മൾ അല്ലല്ലോ. നമുക്ക് മുമ്പും ഒരുപാട് ആളുകൾ സിനിമ ചെയ്ത് വെച്ചിട്ടുണ്ട്.
അവരുടേതെല്ലാം കണ്ടിട്ടായിരിക്കാം നമുക്ക് സിനിമയോട് ഒരു ഇഷ്ടവും പാഷനുമൊക്കെ തോന്നിയത്. അങ്ങനെയാവാം സിനിമയിലേക്ക് വരുന്നത്. അപ്പോൾ തീർച്ചയായും നമ്മളെ അത് ഇൻസ്‌പയർ ചെയ്യുമല്ലോ,’ജ്യോതിർമയി പറയുന്നു.
അതേസമയം അമൽ നീരദിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രമാണ് ബോയ്ഗൻവില്ല സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്.
Content Highlight: Jyothirmayi Talk About Amal Neeradh