|

കരിയറില്‍ ആദ്യമായി അങ്ങനെയൊരു കാര്യം ചെയ്തത് ബോഗെയ്ന്‍വില്ലയിലാണ്: ജ്യോതിര്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2001ല്‍ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് ജ്യോതിര്‍മയി. മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ജ്യോതിര്‍മയി സ്വന്തമാക്കി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജ്യോതിര്‍മയി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.

11 വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജ്യോതിര്‍മയി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല. വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ സിനിമയുടെ മേക്കിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും പലതും ഉള്‍ക്കൊള്ളാന്‍ ആദ്യം കുറച്ച് പ്രയാസപ്പെട്ടെന്നും പറയുകയാണ് ജ്യോതിര്‍മയി.

ബോഗെയ്ന്‍വില്ലയില്‍ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചതെന്നും കരിയറിലെ ആദ്യത്തെ സിങ്ക് സൗണ്ട് സിനിമയായിരുന്നു ഇതെന്നും ജ്യോതിര്‍മയി പറഞ്ഞു. തുടക്കത്തില്‍ ഡയലോഗിനൊപ്പമുള്ള ആക്ഷനുകള്‍ തനിക്ക് പ്രയാസമുണ്ടാക്കിയെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് അത്രയും ആളുകളുടെ മുന്നില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ വല്ലാതെ ടെന്‍ഷനടിച്ചെന്നും ജ്യോതിര്‍മയി പറഞ്ഞു.

ഇത്ര സീനിയര്‍ ആര്‍ട്ടിസ്റ്റായിട്ടുള്ള താന്‍ അവരുടെ മുന്നില്‍ നാണം കെടുമോ എന്ന് പേടിച്ചെന്നും എങ്ങനെയൊക്കെയോ അത് മാനേജ് ചെയ്‌തെന്നും ബാക്കിയുള്ളവരുടെ സഹായത്തോടെ താന്‍ അതെല്ലാം ശരിയാക്കിയെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിര്‍മയി ഇക്കാര്യം പറഞ്ഞത്.

‘സിനിമയുമായുള്ള കംപ്ലീറ്റ് ടച്ച് വിട്ട് ഒരു പുതുമുഖം എന്ന നിലയിലാണ് ബോഗെയ്ന്‍വില്ലയില്‍ ജോയിന്‍ ചെയ്തത്. ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം സിങ്ക് സൗണ്ടാണ്. കരിയറില്‍ ആദ്യമായാണ് ഞാന്‍ സിങ്ക് സൗണ്ട് ചെയ്യുന്നത്. അത് ഒരേസമയം നല്ലതുമാണ് അതേസമയം ടെന്‍ഷന്‍ തരുന്ന കാര്യവുമാണ്. ആദ്യത്തെ സീന്‍ ചെയ്യുന്ന സമയത്ത് ഡയലോഗിനൊപ്പം കുറച്ച് ആക്ടിവിറ്റീസും ചെയ്യാനുണ്ടായിരുന്നു.

അത്രയും ആളുകളുടെ മുന്നില്‍ വെച്ച് തെറ്റിപ്പോകുമോ എന്നുള്ള ടെന്‍ഷനുണ്ടായിരുന്നു. കാരണം, നമ്മള്‍ വലിയ സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന രീതിയിലാണ് അഭിനയിക്കുന്നത്. എങ്ങാനും ചീറ്റിപ്പോകുമോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ ബാക്കിയുള്ളവരുടെ ഹെല്‍പ്പും പുഷും കൊണ്ട് എങ്ങനെയൊക്കെയോ അത് ഓക്കെയാക്കി,’ ജ്യോതിര്‍മയി പറഞ്ഞു.

Content Highlight: Jyothirmayi says that Sync sound in Bougainvillea was little difficult for her

Video Stories