ആരെങ്കിലും സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചു; ഞാന്‍ എവിടെയും അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നില്ല: ജ്യോതിര്‍മയി
Entertainment
ആരെങ്കിലും സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചു; ഞാന്‍ എവിടെയും അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നില്ല: ജ്യോതിര്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th October 2024, 1:31 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ജ്യോതിര്‍മയി. മലയാള സിനിമയെ താന്‍ മിസ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നെന്നും പറയുകയാണ് നടി. ആരെങ്കിലും തന്നെ സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചിരുന്നുവെന്നും പക്ഷെ ആരും വിളിച്ചില്ലെന്നും ജ്യോതിര്‍മയി പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ബോഗെയ്ന്‍വില്ലയുടെ ഭാഗമായി സ്‌കൈലാര്‍ക് പിക്‌സ്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. അഭിമുഖത്തില്‍ മലയാള സിനിമയെ മിസ് ചെയ്തിരുന്നോവെന്ന് ചോദിക്കുകയായിരുന്നു.

‘മലയാള സിനിമയെ ഞാന്‍ മിസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. ആരെങ്കിലും എന്നെ സിനിമയിലേക്ക് വിളിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പക്ഷെ ആരും വിളിച്ചില്ല. അവര് ചിലപ്പോള്‍ ഞാനിനി അഭിനയിക്കുന്നില്ലെന്ന് കരുതിയിരിക്കണം. പക്ഷെ ഞാന്‍ എവിടെയും അങ്ങനെയൊരു അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നില്ല.

ഞാന്‍ അഭിനയിക്കുന്നില്ലെന്നോ ഞാന്‍ സിനിമ വിട്ട് പോകുകയാണെന്നോ പറഞ്ഞിട്ടില്ല. പക്ഷെ എന്തോ കാരണങ്ങള്‍ കൊണ്ട് എനിക്ക് സിനിമയൊന്നും വന്നില്ല. വന്ന ഒന്നുരണ്ട് സിനിമകള്‍ എന്നെ അങ്ങനെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങള്‍ ഉള്ളവ ആയിരുന്നില്ല. ഇത്രകാലം ഞാന്‍ എന്റെ എറണാകുളത്തെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു,’ ജ്യോതിര്‍മയി പറയുന്നു.

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. ജ്യോതിര്‍മയിക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് ഇത്.


Content Highlight: Jyothirmayi Says She Miss Malayalam Cinema