2001ല്‍ റിലീസായ പൈലറ്റ്‌സ് എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ജ്യോതിര്‍മയി. മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ജ്യോതിര്‍മയി സ്വന്തമാക്കി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജ്യോതിര്‍മയി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഒരിടവേളക്ക് ശേഷം ജ്യോതിര്‍മയി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല.
ഭീഷ്മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ബോഗെയ്ന്‍വില്ലക്കുണ്ട്. ജ്യോതിര്‍മയിക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അമല്‍ നീരദ് ചിത്രത്തില്‍ ആദ്യമായാണ് ജ്യോതിര്‍മയി പ്രധാനവേഷത്തിലെത്തുന്നത്. താനും അമലും ഒന്നിക്കുന്ന മൂന്നാമത്തെ പ്രൊജക്ടാണ് ബോഗെയ്ന്‍വില്ലയെന്ന് പറയുകയാണ് ജ്യോതിര്‍മയി. താനും അമലും ആദ്യമായി ഒന്നിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്നേയാണെന്ന് ജ്യോതിര്‍മയി പറഞ്ഞു.
തങ്ങള്‍ രണ്ടുപേരും സിനിമയിലെത്തുന്നതിന് മുമ്പ് ഒരു പരസ്യചിത്രം ചെയ്തിരുന്നെന്നും ആ പ്രൊജക്ടില്‍ വിനായകനും ഭാഗമായിരുന്നെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ പരസ്യം കണ്ടവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണെന്നും താരം പറഞ്ഞു. പിന്നീട് സാഗര്‍ ഏലിയാസ് ജാക്കിയില്‍ താന്‍ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചിരുന്നെന്നും ഒരു മുഴുനീള പ്രൊജക്ടിന് വേണ്ടി ആദ്യമായി ഒന്നിക്കുന്നത് ബോഗെയ്ന്‍വില്ലയിലൂടെയാണെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ജ്യോതിര്‍മയി.
‘എന്നെ മെയിന്‍ ലീഡായിട്ട് ഒരു പ്രൊജക്ട് കുറച്ചുവര്‍ഷം മുന്നേ അമല്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ഞാനും അമലും ആദ്യമായി ഒന്നിക്കുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഞങ്ങള്‍ രണ്ടുപേരും സിനിമയിലെത്തിയിട്ടില്ല. അമല്‍ കോഴ്‌സ് കഴിഞ്ഞ് നാട്ടിലെത്തിയ സമയം, ഞാന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് കോമ്പയറിങ്ങായി നടക്കുകയായിരുന്നു അപ്പോള്‍. ഒരു ആഡ് ഫിലിമിന് വേണ്ടിയായിരുന്നു ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത്. വിനായകനും ആ പ്രൊജക്ടില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.
പക്ഷേ ഭൂമിമലയാളത്തില്‍ ആ ആഡ് ഫിലിം കണ്ടവര്‍ കുറവാണ്. പിന്നീട് അമലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു സോങ് ഞാന്‍ ചെയ്തു. അത് കഴിഞ്ഞിട്ട് ഇപ്പോഴാണ് ബോഗെയ്ന്‍വില്ലയിലൂടെ ത്രൂ ഔട്ട് റോള്‍ ചെയ്യുന്നത്. ‘ഇങ്ങനെയൊരു പടമുണ്ട്, നീ ചെയ്താല്‍ നന്നായിരിക്കും’ എന്ന് പറഞ്ഞ് അമല്‍ എന്നെ ഉന്തിത്തള്ളി അഭിനയിപ്പിച്ചതാണ് ഈ പടത്തില്‍,’ ജ്യോതിര്‍മയി പറഞ്ഞു.
Content Highlight: Jyothirmayi about the ad film she worked with Amal Neerad