| Monday, 28th October 2024, 3:06 pm

ബോഗെയ്ൻവില്ല കണ്ട് ആ നടി പറഞ്ഞ വാക്കുകൾ എനിക്ക് വലിയൊരു അംഗീകാരമാണ്: ജ്യോതിർമയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഡലിങ്ങിലൂടെ തന്റെ കരിയർ തുടങ്ങി സിനിമയിലെത്തിയ നടിയാണ് ജ്യോതിർമയി. 2001ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമ ജീവിതം ആരംഭിക്കുന്നത്. 2011 വരെ സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് പ്രത്യക്ഷപ്പെട്ടത് ഈയിടെ ഇറങ്ങിയ അമൽ നീരദ് ചിത്രം ബോഗെയ്ൻവില്ലയിലാണ്.

ഗംഭീര തിരിച്ചുവരവാണ് ജ്യോതിർമയി സിനിമയിലൂടെ നടത്തിയത്. ചിത്രത്തിലെ തന്റെ പ്രകടനം കണ്ട് നടി നസ്രിയ അഭിനന്ദിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ജ്യോതിർമയി. നസ്രിയ തന്നെ കെട്ടിപിടിച്ചെന്നും തന്റെ പ്രായത്തിൽ നസ്രിയക്ക് തന്നെ പോലെ ആവണമെന്ന് പറഞ്ഞെന്നും ജ്യോതിർമയി പറയുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് നടിമാരായ ശ്രിന്ദയും വീണയും നൽകിയ സപ്പോർട്ട് വളരെ വലുതായിരുന്നുവെന്നും ജ്യോതിർമയി പറഞ്ഞു.

‘ബോഗെയ്ൻവില്ല കണ്ട ശേഷം ഫഹദും നസ്രിയയും എന്നെ വിളിച്ചിരുന്നു. അവർക്കൊക്കെ ഇത് കണ്ടിട്ട് വലിയ സന്തോഷമായിരുന്നു. ധാരാളം ആളുകൾ വിളിച്ചു. പക്ഷെ എനിക്ക് പെട്ടെന്ന് ഓർമ വരുന്നത് ഇവരെയാണ്.

നസ്രിയ എന്നെ കെട്ടിപിടിച്ചു. അവളെന്നോട് പറഞ്ഞത്, നിങ്ങളുടെ പ്രായത്തിൽ എനിക്ക് നിങ്ങളെ പോലെയാവണം എന്നായിരുന്നു. ഞാൻ കരുതുന്നത് അതൊരു വലിയ കോംപ്ലിമെന്റ് ആണെന്നാണ്. ആ വാക്കുകൾ എനിക്ക് വലിയ ആവേശമാണ് നൽകിയത്.

ഇപ്പോഴത്തെ യുവതാരങ്ങളിൽ നിന്ന് ഇങ്ങനെയൊരു കോംപ്ലിമെന്റ് കിട്ടുമ്പോൾ വലിയ സന്തോഷമാണ്. അവരൊക്കെ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യുന്ന ആളുകളാണ്. അതൊരു വലിയ അംഗീകാരമാണ്. അതുപോലെ എന്റെ കൂടെ വർക്ക്‌ ചെയ്ത ശ്രീന്ദയാണെങ്കിലും വീണയാണെങ്കിലും ഈ ചിത്രം ചെയ്യുന്നതിൽ എനിക്ക് വലിയ സപ്പോർട്ട് തന്നിട്ടുള്ള ആളുകളാണ്.

അവരുടെ സീൻ അല്ലെങ്കിൽ പോലും എന്റെ കൂടെ സെറ്റിൽ വരുകയും എന്നെ വളരെയധികം കംഫർട്ടബിൾ ആക്കുകയും ചെയ്യുമായിരുന്നു. നമ്മൾ ഗ്രൗണ്ട് സപ്പോർട്ട് എന്നൊക്കെ പറയില്ലേ. അതുപോലെയായിരുന്നു അവർ,’ജ്യോതിർമയി പറയുന്നു.

Content Highlight: Jyothirmayi About Nasriya Nazim And Bougainville  Movie

We use cookies to give you the best possible experience. Learn more