ന്യൂദല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി എം.പി. സമ്പത്തും കൊട്ടാരവും നഷ്ടപ്പെടുമെന്ന് പേടിച്ചാണ് സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് രാഹുല്‍ പറഞ്ഞു.
വെള്ളിയാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ സോഷ്യല്‍ മീഡിയ യൂണിറ്റിന്റെ യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗത്തെ ഉദ്ധരിച്ച് ദി പ്രിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘കൊട്ടാരവും പണവും നഷ്ടപ്പെടുമെന്ന് സിന്ധ്യ ഭയന്നിട്ടുണ്ടാകാം. അദ്ദേഹത്തിന് ഭീഷണിയുള്ളതായി അനുഭവപ്പെട്ടിട്ടുണ്ടാകും. അതിനാല്‍ അദ്ദേഹം ആര്‍.എസ്.എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് ഇത്തരത്തില്‍ പേടിയുള്ളവരെ ആവശ്യമില്ല,’ രാഹുല്‍ പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു.
3000 ത്തോളം പാര്‍ട്ടി പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ആര്‍.എസ്.എസ്. ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ അതിനായി പോയിക്കോളൂ. നിങ്ങളെ പാര്‍ട്ടിക്ക് വേണ്ട. അതാണ് കോണ്‍ഗ്രസിന്റെ നിലപാട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ട്ടി വിട്ട് പോകുന്ന ഭീരുക്കളെ തടഞ്ഞ് വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയമില്ലാത്ത നിരവധി പേര്‍ പാര്‍ട്ടിക്ക് പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരും. ആര്‍.എസ്.എസ്. ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
ഏറ്റവും ഒടുവില്‍ ജിതിന്‍ പ്രസാദയാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളിലൊരാള്‍.
2020 മാര്‍ച്ചിലാണ് 19 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം സിന്ധ്യ പാര്‍ട്ടിവിട്ടത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെന്ന് അറിയപ്പെട്ട നേതാവായിരുന്നു സിന്ധ്യ.