പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നടപ്പാക്കിയിരിക്കണം; കമല്‍നാഥിനെ വീണ്ടും വെല്ലുവിളിച്ച് ജ്യോതിരാദിത്യ സിന്ധ്യ
national news
പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നടപ്പാക്കിയിരിക്കണം; കമല്‍നാഥിനെ വീണ്ടും വെല്ലുവിളിച്ച് ജ്യോതിരാദിത്യ സിന്ധ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2020, 11:13 am

ഭോപാല്‍: സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ദിവസം ചെയ്യാനുള്ളത് എന്തു വേണമെങ്കിലും ചെയ്തുകാണിക്കാന്‍ വെല്ലു വിളിച്ച മുഖ്യമന്ത്രി കമല്‍ നാഥിന് മറുപടിയായാണ് വീണ്ടും പ്രതിഷേധിക്കുമെന്ന് സിന്ധ്യ പറഞ്ഞത്.

പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് സിന്ധ്യ ഞായറാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്കറിയാമായിരുന്നു ഈ ചോദ്യം ചോദിക്കുമെന്ന്. പക്ഷെ ഞാന്‍ ഒരു പൊതു പ്രവര്‍ത്തകനാണ്. നമ്മള്‍ നമ്മുടെ പ്രകടന പത്രികയില്‍ ചില പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പു സമയത്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നവരെ ഞങ്ങള്‍ പ്രതിഷേധിക്കും,’ സിന്ധ്യ പറഞ്ഞു.

സര്‍ക്കാരിനെ വെല്ലുവിളിച്ച് കര്‍ഷകരെ തെരുവില്‍ ഇറക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പറഞ്ഞിരുന്നു. സിന്ധ്യയുടെ വെല്ലുവിളിയേറ്റെടുത്തു കൊണ്ട് അദ്ദേഹം അത് ചെയ്ത് കാണിക്കട്ടെ എന്നായിരുന്നു കമല്‍നാഥ് തിരിച്ച് വെല്ലുവിളിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ഷകരുടെ വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ലെന്നായിരുന്നു സിന്ധ്യ ഉയര്‍ത്തിയ വാദം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതില്‍ കാലതാമസമുണ്ടാകുന്നതിന് കാരണം സംസ്ഥാനത്ത് നിലവിലുള്ള വിഷമഘട്ടം മറികടക്കാന്‍ കഴിയാത്തുകൊണ്ടാണെന്ന് സിന്ധ്യയുടെ വിമര്‍ശനത്തിന് പിന്നാലെ മന്ത്രി ഗോവിന്ദ് സിങ് അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുമുതല്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ചോരിപ്പോരുകളും ആരംഭിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യ ഗുണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ബി.ജെ.പിയുടെ കൃഷ്ണ പാല്‍ സിങ് യാദവിനോട് പരാജയപ്പെടുകയായിരുന്നു.