തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയെ രൂക്ഷമായി വിമര്‍ശിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മറുപടിയുമായി കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. ‘അരുത് സ്പീക്കര്‍ കരയിക്കരുത്’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോതികൂമാര്‍ ചാമക്കാല സ്പീക്കര്‍ക്കും സി.പി.ഐ.എമ്മിനും മറുപടിയുമായി എത്തിയത്.
ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍ നല്‍കുന്നത് സ്പീക്കറുടെ ചോദ്യത്തിന് ഇതിന്റെയുത്തരം താങ്കള്‍ക്കു തന്നെ കണ്ടെത്താനാവുമെന്നും 2015 മാര്‍ച്ച് 13 എന്ന ദിനം ഓര്‍ത്തെടുത്താല്‍ മതിയെന്നും ചാമക്കാട് പോസ്റ്റില്‍ പറയുന്നു.
നിയമസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം ഉണ്ടായ സംഘര്‍ഷങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അന്ന് കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കര്‍ക്ക് അറിയാമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.
‘നിയമസഭയ്ക്കുള്ളില്‍ താങ്കളും സഹസഖാക്കളും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ മറന്നോ ?
കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കര്‍ക്ക് അറിയാമല്ലോ ?
അന്നും പിറ്റേന്നുമായി താങ്കളുടെ പാര്‍ട്ടിക്കാര്‍ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങള്‍ മറന്നാലും കേരളം മറക്കില്ല.
അതേ, നിങ്ങളുടെ അതേ ‘ചിന്തയും വിയര്‍പ്പും’ ആണ് യൂണിവേഴ്‌സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്.
ആ ചിന്തയാണ് സ്വന്തം പാര്‍ട്ടിക്കാരന്റെ നെഞ്ചില്‍പ്പോലും കഠാര കയറ്റാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
ചോര കണ്ട് അറപ്പു തീര്‍ന്ന ക്രിമിനലുകളെ വാര്‍ത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണന്‍.
അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്.
ഈ കാപട്യമോര്‍ത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കര്‍…
ഈ മുതലക്കണ്ണീര്‍ കേരളത്തിന് വേണ്ട….’ എന്നായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ്.