Entertainment
സ്ത്രീകള്‍ക്ക് വേണ്ടി സിനിമ ചെയ്യാന്‍ ആളില്ല; വലിയ നടന്മാര്‍ക്കായി വലിയ സിനിമകള്‍ ചെയ്യുന്നവരാണ് ഉള്ളത്: ജ്യോതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 01, 10:59 am
Saturday, 1st March 2025, 4:29 pm

ഇരുപത്തിയെട്ടാമത്തെ വയസില്‍ കുട്ടികളുണ്ടായതിന് ശേഷം താന്‍ സിനിമയില്‍ വളരെ വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്തതെന്ന് പറയുകയാണ് നടി ജ്യോതിക. അതിനുശേഷം ഒരു സ്റ്റാറിനൊപ്പമോ ഹീറോയുടെ കൂടെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ജ്യോതിക പറയുന്നു.

ആ പ്രായത്തില്‍ പുതിയ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്ത് ഒരു കരിയറുണ്ടാക്കുക എന്നത് വലിയ ചാലഞ്ചാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഫീവര്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

സ്ത്രീകള്‍ക്ക് വേണ്ടിയോ സ്ത്രീകള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ പറ്റുന്നതോ ആയ സിനിമകള്‍ ഇന്നില്ലെന്നും വലിയ നടന്മാര്‍ക്ക് വേണ്ടി വലിയ സിനിമകള്‍ ചെയ്യുന്ന സംവിധായകരാണ് ഇപ്പോഴുള്ളതെന്നും ജ്യോതിക പറയുന്നു.

‘എനിക്ക് ഇരുപത്തിയെട്ടാമത്തെ വയസില്‍ കുട്ടികളുണ്ടായി. അതിന് ശേഷം ഞാന്‍ സത്യത്തില്‍ വളരെ വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്തത്. ഞാന്‍ 28 വയസിന് ശേഷം ഒരു സ്റ്റാറിനൊപ്പമോ ഒരു ഹീറോയുടെ ഒപ്പമോ പ്രവര്‍ത്തിച്ചിട്ടില്ല. ആ പ്രായത്തില്‍ പുതിയ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്ത് ഒരു കരിയര്‍ ഉണ്ടാക്കുക എന്നത് വലിയ ചാലഞ്ച് തന്നെയാണ്.

പ്രായം അതിന് ഒരു കാരണം തന്നെയാണ്. പിന്നെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ കെ. ബാലചന്ദറിനെ പോലെയുള്ള വലിയ അനുഭവ സമ്പത്തുള്ള സംവിധായകരില്ല. എല്ലാ സൗത്തിന്ത്യന്‍ ഭാഷകളിലെ സിനിമകളിലും അങ്ങനെയാണെന്ന് ഞാന്‍ പറയില്ല.

സ്ത്രീകള്‍ക്ക് വേണ്ടി സിനിമ നിര്‍മിക്കുന്ന അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ പറ്റുന്ന സിനിമകള്‍ ഇന്നില്ല. അത്തരം സിനിമകള്‍ ചെയ്യുന്ന ആളുകളില്ല. പകരം വലിയ നടന്മാര്‍ക്ക് വേണ്ടി വലിയ സിനിമകള്‍ ചെയ്യുന്ന സംവിധായകരാണ് ഇപ്പോഴുള്ളത്.

സമീപകാലത്തൊന്നും ഒരു വലിയ സംവിധായകനും സ്ത്രീ അഭിനേതാക്കള്‍ക്ക് വേണ്ടി സിനിമ ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് ശരിക്കും വലിയ ഒരു കുറവായി എനിക്ക് തോന്നിയിട്ടുണ്ട്.

പ്രായമായിരിക്കുക എന്നത് സത്യത്തില്‍ വലിയ വെല്ലുവിളി തന്നെയാണ്. സൗത്തില്‍ സ്ത്രീ അഭിനേതാക്കളുടെ യാത്ര വളരെ കഠിനമാണ്. അവള്‍ ഒറ്റക്ക് ഒരു യുദ്ധം തന്നെ ചെയ്യേണ്ടി വരും,’ ജ്യോതിക പറയുന്നു.

Content Highlight: Jyothika Talks About Womens In South Indian Cinema