| Tuesday, 5th November 2024, 11:40 am

സിനിമയുടെ അവസാനത്തെ 10 മിനിറ്റില്‍ ആ നടി എന്റെ ഹൃദയവും ശ്വാസവും അപഹരിച്ചു: ജ്യോതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സായ് പല്ലവിയും ശിവകാര്‍ത്തികേയനും ഒന്നിച്ച ഏറ്റവും പുതിയ സിനിമയാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്.

ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തിയപ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തിയത് സായ് പല്ലവി ആയിരുന്നു. തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടി ആയിട്ടാണ് സായ് പല്ലവി അഭിനയിച്ചത്. കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് അമരന്റെ നിര്‍മാണം.

ഈ സിനിമ തിയേറ്ററില്‍ എത്തിയതിന് പിന്നാലെ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോള്‍ അമരന്‍ സിനിമയെയും അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി ജ്യോതിക. ജയ്ഭീമിന് ശേഷം തമിഴ് സിനിമയിലെ മറ്റൊരു ക്ലാസിക് കൂടി എന്നാണ് ജ്യോതിക അമരനെ കുറിച്ച് പറഞ്ഞത്.

സിനിമയുടെ അവസാനത്തെ 10 മിനിറ്റില്‍ സായ് പല്ലവി തന്റെ ഹൃദയവും ശ്വാസവും അപഹരിച്ചുവെന്നാണ് ജ്യോതിക പറയുന്നത്. മേജര്‍ മുകുന്ദ് വരദരാജന്റെ റോളില്‍ ജീവിച്ച് കാണിക്കാനുള്ള നിങ്ങളുടെ ശ്രമവും അതിന്റെ ബുദ്ധിമുട്ടും ഊഹിക്കാന്‍ കഴിയുമെന്നാണ് ശിവകാര്‍ത്തികേയനെ കുറിച്ച് നടി പറഞ്ഞത്. തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയായിരുന്നു ജ്യേതിക അമരനെ പ്രശംസിച്ചത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:

അമരന്‍ എന്ന സിനിമക്കും ടീമിനും സല്യൂട്ട്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി, നിങ്ങള്‍ എത്ര നല്ല ഒരു ഡയമണ്ടാണ് ഈ സൃഷ്ടിച്ചിരിക്കുന്നത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയിലെ മറ്റൊരു ക്ലാസിക് കൂടി.

ശിവകാര്‍ത്തികേയന്‍, ഈ വേഷത്തില്‍ ജീവിച്ച് കാണിക്കാനുള്ള നിങ്ങളുടെ ശ്രമവും അതിന്റെ ബുദ്ധിമുട്ടും ഊഹിക്കാന്‍ കഴിയും. സായ് പല്ലവി, എന്തൊരു നല്ല ആക്ടറാണ് നിങ്ങള്‍? സിനിമയുടെ അവസാനത്തെ 10 മിനിറ്റില്‍ നിങ്ങള്‍ എന്റെ ഹൃദയവും ശ്വാസവും അപഹരിച്ചു. നിങ്ങളില്‍ അഭിമാനം തോന്നുന്നു.

ഇന്ദു റെബേക്ക വര്‍ഗീസ്, നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ഞങ്ങളുടെ ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജര്‍ മുകുന്ദ് വരദരാജന്‍ – നിങ്ങള്‍ ഞങ്ങള്‍ക്ക് ചുറ്റുമുണ്ട്, ഞങ്ങളെ കാണുന്നുണ്ട്.

ഓരോ പൗരനും ഇപ്പോള്‍ നിങ്ങളുടെ വീര്യം ആഘോഷിക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ നിങ്ങളെ പോലെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യന്‍ ആര്‍മിക്കുള്ള ഉചിതമായ ആദരവാണ്. ജയ് ഹിന്ദ്. ദയവായി പ്രേക്ഷകര്‍ ഈ സിനിമ കാണാതെ പോകരുത്!


Content Highlight: Jyothika Talks About Sai Pallavi And Amaran Movie

We use cookies to give you the best possible experience. Learn more