ഞാൻ വെറുതെ പറയുകയല്ല, മമ്മൂട്ടി സാർ ഏത് പരീക്ഷണങ്ങളും ചെയ്യാൻ തയ്യാറാണ്: ജ്യോതിക
Entertainment
ഞാൻ വെറുതെ പറയുകയല്ല, മമ്മൂട്ടി സാർ ഏത് പരീക്ഷണങ്ങളും ചെയ്യാൻ തയ്യാറാണ്: ജ്യോതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd November 2023, 7:20 pm

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ നായികയാണ് ജ്യോതിക. വർഷങ്ങൾക്ക് ശേഷം ജ്യോതിക വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ്.

ജിയോ ബേബി ഒരുക്കുന്ന മമ്മൂട്ടി ചിത്രം കാതൽ ദി കോറിൽ നായികയായി എത്തുന്നത് ജ്യോതികയാണ്. കണ്ണൂർ സ്‌ക്വാഡ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണ് കാതൽ.

മമ്മൂട്ടി കമ്പനി ചിത്രങ്ങളുടെ ക്വാളിറ്റിയെ കുറിച്ച് പറയുകയാണ് ജ്യോതിക. ഈയിടെ കണ്ണൂർ സ്‌ക്വാഡ് കണ്ടെന്നും അത് കണ്ടപ്പോൾ മമ്മൂട്ടി കമ്പനിയുടെ സിനിമകളിൽ അഭിനയിക്കാൻ തോന്നിയെന്നും ജ്യോതിക പറയുന്നു. നടൻ എന്ന നിലയിൽ മമ്മൂട്ടി ഒരുപാട് സ്പെഷ്യൽ ആണെന്നും ജ്യോതിക കാതൽ സിനിമയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘മമ്മൂട്ടി കമ്പനിയുടെ സിനിമയിൽ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നുണ്ട്. ഈയിടെ ഞാൻ കണ്ണൂർ സ്‌ക്വാഡ് കണ്ടിരുന്നു. ഏതുതരത്തിലുള്ള സിനിമകളാണ് അവർ നിർമിക്കുന്നത് എന്നറിഞ്ഞപ്പോൾ എനിക്ക് അവരുടെ കൂടെ വർക്ക് ചെയ്യാൻ വലിയ ആവേശം തോന്നി. കണ്ണൂർ സ്‌ക്വാഡ് ഒരു മികച്ച സിനിമയായിരുന്നു.

ഞാൻ തുറന്ന് പറയുകയാണ് ഒരുപാട് നായകന്മാരുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്തോ വളരെ സ്പെഷ്യൽ ആയിട്ട് തോന്നുന്നത് മമ്മൂട്ടി സാറാണ്. ഞാൻ സത്യമാണ് പറയുന്നത്. സാറിന്റെ കൂടെ ഇരിക്കുന്നത് കൊണ്ട് പറയുകയല്ല.

അദ്ദേഹം ഏതു വിധത്തിലുള്ള പരീക്ഷണങ്ങൾക്കും തയ്യാറാണ്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള പരീക്ഷണ സിനിമകൾ ചെയ്യുന്നവരാണ് യഥാർത്ഥ ഹീറോസ്.

അതുകൊണ്ട് തന്നെ മമ്മൂട്ടി സാറോടൊപ്പവും മമ്മൂട്ടി കമ്പനിയോടൊപ്പവും വർക്ക്‌ ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനം തോന്നുന്നുണ്ട്,’ജ്യോതിക പറയുന്നു.

Content Highlight: Jyothika Talk About Mammootty And Mammooty Company