| Sunday, 10th November 2024, 7:14 pm

കാതലിന്റെ കഥ കേട്ടപ്പോള്‍ തന്നെ എന്നോട് അഭിനയിക്കാന്‍ പറഞ്ഞത് അവരായിരുന്നു: ജ്യോതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍. മമ്മൂട്ടി നായകനായ ചിത്രം മലയാളത്തിന് പുറത്തും വലിയരീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. സ്വവര്‍ഗാനുരാഗം പ്രധാന പ്രമേയമായി വന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച സിനിമക്കുള്‍പ്പെടെ നാല് സംസ്ഥാന അവാര്‍ഡാണ് കാതല്‍ നേടിയത്.

തമിഴ് താരം ജ്യോതികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു കാതല്‍. ചിത്രത്തിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക. ഒരുപാട് കാലത്തിന് ശേഷം മലയാളത്തില്‍ നിന്ന് കേട്ട കഥയാണ് കാതലിന്റേതെന്ന് ജ്യോതിക പറഞ്ഞു. തന്റെ മക്കള്‍ക്ക് താന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടമായത് 36 വയതിനിലേയും രാക്ഷസിയുമായിരുന്നെന്നും എന്നാല്‍ കാതലിന്റെ കഥ കേട്ടപ്പോള്‍ അത് എന്തായാലും ചെയ്യണമെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു.

അവരോട് എല്ലാ കഥയും പറയാറുണ്ടെന്നും അവരുടെ അഭിപ്രായം കേട്ടതിന് ശേഷമേ താന്‍ തീരുമാനമെടുക്കാറുള്ളൂവെന്നും ജ്യോതിക പറഞ്ഞു. തന്റെ മക്കള്‍ക്ക് ആ കഥയില്‍ കോണ്‍ഫിഡന്‍സുണ്ടായിരുന്നെന്നും അവരുടെ ചിന്താഗതി തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു.

ജാതി, മതം, ഭാഷ, ജെന്‍ഡര്‍ എന്നീ കാര്യങ്ങളില്‍ അവര്‍ ആരോടും വേര്‍തിരിവ് കാണിക്കാറില്ലെന്നും ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പോസിറ്റീവ് അതാണെന്നും ജ്യോതിക പറഞ്ഞു. അവരില്‍ നിന്നും പല കാര്യങ്ങളും താന്‍ പഠിക്കാറുണ്ടെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ജ്യോതിക.

‘ഒരുപാട് കാലത്തിന് ശേഷം മലയാളത്തിലേക്ക് ഞാന്‍ തിരിച്ചെത്തിയത് കാതലിലൂടെയാണ്. അതിലെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു. കേള്‍ക്കുന്ന എല്ലാ കഥകളും മക്കളുമായി ഡിസ്‌കസ് ചെയ്തതിന് ശേഷമേ ഞാന്‍ തീരുമാനമെടുക്കാറുള്ളൂ. 36 വയതിനിലേയും രാക്ഷസിയുമൊക്കെ അവരുടെ ഫേവറെറ്റാണ്. കാതലിന്റെ കഥ അവരോട് പറഞ്ഞപ്പോള്‍ തന്നെ ‘ആ കഥ മിസ് ചെയ്യരുത്, നല്ല കഥയാണ്’ എന്നാണ് അവര്‍ പറഞ്ഞത്.

ആ കഥയുടെ പവര്‍ എന്നെക്കാള്‍ നന്നായി അവര്‍ക്കറിയാം. അവരുടെ ചിന്തകള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ജാതി, മതം, വര്‍ഗം, ജെന്‍ഡര്‍ എന്നീ കാര്യങ്ങളിലൊന്നും അവര്‍ വേര്‍തിരിവ് കാണിക്കാറില്ല എന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. എനിക്ക് തോന്നുന്നത് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് തന്നെ അതാണ്. അവരില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്,’ ജ്യോതിക പറയുന്നു.

Content Highlight: Jyothika shares how she said ok for Kaathal movie

We use cookies to give you the best possible experience. Learn more