സൂര്യയുടെ കാര്യം വളരെ കഷ്ടമാണ്; ഫാൻസിനെ തൃപ്തിപ്പെടുത്തണം, സ്ത്രീ പ്രാധാന്യമുള്ള നല്ല കഥയും തെരഞ്ഞെടുക്കണം: ജ്യോതിക
Film News
സൂര്യയുടെ കാര്യം വളരെ കഷ്ടമാണ്; ഫാൻസിനെ തൃപ്തിപ്പെടുത്തണം, സ്ത്രീ പ്രാധാന്യമുള്ള നല്ല കഥയും തെരഞ്ഞെടുക്കണം: ജ്യോതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th December 2023, 4:37 pm

സൂര്യ അഭിനയിക്കുന്ന സിനിമകളിൽ സ്ത്രീകൾക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്ന് ജ്യോതിക. സൂര്യയുടെ അധിക പടത്തിലും സ്ത്രീകൾക്കാണ് പ്രാധാന്യമുള്ളതെന്നും നടി ലൈല ചെയ്ത നല്ല റോളുകളെല്ലാം അദ്ദേഹത്തിന്റെ കൂടെയാണെന്നും ജ്യോതിക പറഞ്ഞു. ജയ് ഭീം സിനിമയിൽ സൂര്യയേക്കാൾ പ്രാധാന്യമുള്ളത് ജോമോൾക്കാണെന്നും ജ്യോതിക പറയുന്നുണ്ട്.

സൂര്യ സ്ത്രീകൾക്ക് പ്രാധാന്യമുള്ള കഥകൾ തെരഞ്ഞെടുക്കാനും അതുപോലെ ഫാൻസിനെ തൃപ്തിപ്പെടുത്താനും ശ്രമിക്കാറുണ്ടെന്ന് ജ്യോതിക കൂട്ടിച്ചേർത്തു. ബെൻഡ്‌വുഡ്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജ്യോതിക.

‘സൂര്യയുടെ അധിക പടത്തിലും സ്ത്രീകൾക്കാണ് നല്ല പ്രാധാന്യം ഉള്ളത്. നിങ്ങൾ ലൈലയുടെ ബെസ്റ്റ് ഫിലിം നോക്കുകയാണെങ്കിൽ അതെല്ലാം സൂര്യയുടെ കൂടെ തന്നെയാണ് ഉള്ളത്. അവർക്ക് നല്ല റോളുകൾ കിട്ടിയിട്ടുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ ജയ്ഭീം എടുത്ത് നോക്കുകയാണെങ്കിൽ എനിക്ക് തോന്നുന്നു അതിൽ വലിയ കഥാപാത്രം ചെയ്തിട്ടുള്ളത് ജോമോളാണ്.

സുരരൈ പോട്രു എടുത്തു നോക്കുമ്പോൾ സൂര്യയ്ക്കും അപർണക്കും 60,40 അല്ലെങ്കിൽ 50 – 50 തന്നെ പറയാം, രണ്ടുപേരും ഒരുപോലെയാണ് അതിൽ അഭിനയിച്ചിട്ടുള്ളത്. രണ്ടുപേർക്കും നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്. സൂര്യ വളരെ ശ്രദ്ധിച്ചുകൊണ്ടാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്.

അവർക്ക് ഭയങ്കര കഷ്ടമാണ്, കാരണം ഫാൻസിനെ സങ്കടപെടുത്തരുത്, അതുപോലെതന്നെ നല്ല പടങ്ങൾ ചെയ്യുകയും വേണം. ഫാൻസിനെ തൃപ്തിപ്പെടുത്തണം നല്ല കഥയും തെരഞ്ഞെടുക്കണം, അതുപോലെതന്നെ സ്ത്രീകൾക്ക് നല്ല കഥാപാത്രം കൊടുക്കുന്നുണ്ടെന്നും അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും നോക്കണം,’ ജ്യോതിക പറഞ്ഞു.

തമിഴിൽ സ്ത്രീ പ്രാതിനിധ്യമുള്ള സിനിമകൾ കുറവാണെന്നും മറ്റു ഭാഷകളിൽ സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ വരുന്നുണ്ടെന്നും എന്തുകൊണ്ടാണ് വലിയ സംവിധായകർ ഒരു നായികയെ വെച്ച് പടം തമിഴിൽ ചെയ്യാത്തതെന്നും ജ്യോതിക ചോദിക്കുന്നുണ്ട്. വലിയ സംവിധായകർ അവസരം കൊടുത്തത് കൊണ്ടാണ് ഹീറോസ് ഉണ്ടാകുന്നതെന്നും നായകന്മാർ തനിയെ വളർന്നു വന്നവരെല്ലെന്നും ജ്യോതിക അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Content Highlight: Jyothika about surya’s selection of films