മലയാള സിനിമയെക്കുറിച്ചും അതിലെ തന്റെ പ്രിയപ്പെട്ട സിനിമയെക്കുറിച്ചും പറയുകയാണ് നടി ജ്യോതിക. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ വലിയ ആരാധികയാണ് താനെന്നും മലയാള സിനിമ കണ്ടിട്ട് താൻ ഞെട്ടിയിട്ടുണ്ടെന്നും ജ്യോതിക പറയുന്നുണ്ട്. മലയാള സിനിമ വളരെ പ്രോഗ്രസ്സിവ് ആണെന്നും ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരു സംവിധായകന്റെ പടമാണെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
വളരെ കുറച്ച് ഡയലോഗുകളും മികച്ച പെർഫോമൻസുമാണ് ചിത്രത്തിലുള്ളതെന്നും ജ്യോതിക പറഞ്ഞു. അതുപോലെ കാതൽ ദി കോർ എന്ന സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തതിന് നന്ദിയും ജ്യോതിക വാർത്താ സമ്മേളേനത്തിൽ പറഞ്ഞു.
‘ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ വലിയ ആരാധികയാണ് ഞാൻ. ആ സിനിമ കണ്ട് ഞാൻ ഷോക്കായി പോയി. മലയാളം സിനിമ വളരെ പ്രോഗ്രസീവാണെന്ന് എനിക്ക് അറിയാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധായകന്റെ പടമാണ്. വളരെ കുറച്ച് ഡയലോഗുകളും എക്‌സ്ട്രാ ഓർഡിനറി പെർഫോമൻസുകളുമാണ് ആ ചിത്രത്തിലുള്ളത്. എന്നെ കാസ്റ്റ് ചെയ്തതിന് വളരെ നന്ദി.
അതുപോലെ ഈ സിനിമയിലെ തിരക്കഥാകൃത്തുക്കൾ വളരെ വ്യത്യസ്തമായി എഴുതിയിരിക്കുന്നു. ഞാൻ ഈ കഥ കേട്ട ഉടനെ ഇത് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. എനിക്കെന്റെ കഥാപാത്രവും കഥയും ഒരുപാട് ഇഷ്ട്ടമായി. ഈ ഒരു സിനിമയിൽ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ട്,’ ജ്യോതിക പറഞ്ഞു.
നവംബർ 23നാണ് കാതൽ ദി കോർ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് ജ്യോതിക എത്തുന്നത്.
മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസാണ് നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജ്.
Content Highlight: Jyothika about malayalam movies