| Thursday, 2nd May 2024, 10:23 pm

സിനിമാലോകം ഇതുവരെ കാണാത്ത ബ്രഹ്‌മാണ്ഡമായ ഒന്ന് കങ്കുവയിലൂടെ കാണാന്‍ സാധിക്കും: ജ്യോതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക. കങ്കുവയുടെ കുറച്ച് വിഷ്വലുകള്‍ മാത്രമേ താന്‍ കണ്ടുള്ളൂവെന്നും, അത് വെച്ച് പറയുകയാണെങ്കില്‍ സിനിമാലോകം ഇതുവരെ കാണാത്ത ബ്രഹ്‌മാണ്ഡമായ ഒന്നാണ് കാണാന്‍ പോകുന്നതെന്നും ജ്യോതിക പറഞ്ഞു. പിങ്ക്‌ വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സിനിമയുടെ കാര്യത്തിലായാലും ഫാമിലിയുടെ കാര്യത്തിലായാലും തന്റെ 200 ശതമാനവും നല്‍കുന്നയാളാണ് സൂര്യയെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു.

‘സൂര്യ ഈ സിനിമക്ക് വേണ്ടി അയാളുടെ 200 ശതമാനവും നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ടി മാത്രമല്ല, ഏതൊരു കാര്യത്തിനായാലും അതിന് വേണ്ടി തന്റെ മാക്‌സിമം നല്‍കുന്നയാളാണ് സൂര്യ. അതിപ്പോള്‍ സിനിമയുടെ കാര്യത്തിലായാലും, കുടുംബത്തിന്റെ കാര്യത്തിലായാലും. ഞാനിത് പറയുന്നത് സൂര്യ എന്റെ ഭര്‍ത്താവായതു കൊണ്ടല്ല. ഏതൊരു കാര്യത്തിന് വേണ്ടിയായലും തന്റെ മാക്‌സിമം അയാള്‍ നല്‍കാറുണ്ട്. ഈയൊരു കാരണം കൊണ്ടാണ് സൂര്യ എന്റെ ജീവിതത്തിന്റെ ഭാഗമായത്.

കങ്കുവ എന്ന സിനിമക്ക് വേണ്ടി ഒന്നര വര്‍ഷത്തോളം മാറ്റിവെച്ചിട്ടുണ്ട്. ആ സിനിമക്ക് വേണ്ടി വളര്‍ത്തിയ മുടിയുമായാണ് ഞങ്ങളുടെ കൂടെ യാത്ര ചെയ്തത്. ഈ സിനിമ കഴിഞ്ഞപ്പോള്‍ ആ മുടിയൊക്കെ കളഞ്ഞതില്‍ ചെറിയ സന്തോഷമുണ്ട്. കങ്കുവയുടെ കുറച്ചു വിഷ്വലുകള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സിനിമാലോകം ഇന്നേവരെ കാണാത്ത ബ്രഹ്‌മാണ്ഡമായ പലതും ഇതില്‍ ഉണ്ട്.

വളരെയധികം ഹാര്‍ഡ് വര്‍ക്ക് സൂര്യ ഈ സിനിമക്ക് വേണ്ടി എടുത്തിട്ടുണ്ട്. അതെല്ലാം സിനിമയിറങ്ങി കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക  മനസിലാകും. ഒരുപാട് അഭിനന്ദനങ്ങള്‍ ഈ സിനിമക്ക് ശേഷം സൂര്യയെ തേടിയും ക്രൂവിലെ മറ്റ് അംഗങ്ങളെയും തേടി വരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല,’ ജ്യോതിക പറഞ്ഞു.

അണ്ണാത്തെക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലന്‍. ബോളിവുഡ് താരം ദിശാ പഠാനിയാണ് നായിക. ബോബിയുടെയും ദിശയുടെയും തമിഴ് എന്‍ട്രി കൂടിയാണ് കങ്കുവ. സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജഞാനവേല്‍ രാജയാണ് നിര്‍മാണം. നടരാജ് സുബ്രമണ്യന്‍, ജഗപതി ബാബു, റെഡിന്‍ കിങ്സ്ലി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlight: Jyothika about Kanguva movie and Surya

We use cookies to give you the best possible experience. Learn more