| Wednesday, 20th December 2023, 2:53 pm

തമിഴിൽ സ്ത്രീകൾക്ക് വളരാൻ അവസരമില്ല; മലയാളവും ബോളിവുഡും ഏറെ മുന്നിലേക്ക് പോയി: ജ്യോതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിൽ വലിയ സംവിധായകർ നായികാ പ്രാധാന്യമുള്ള സിനിമകൾ നിർമിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക. മറ്റു ഭാഷകളിൽ സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ വരുന്നുണ്ടെന്നും എന്തുകൊണ്ടാണ് വലിയ സംവിധായകർ ഒരു നായികയെ വെച്ച് പടം തമിഴിൽ ചെയ്യാത്തതെന്നും ജ്യോതിക ചോദിക്കുന്നുണ്ട്. വലിയ സംവിധായകർ അവസരം കൊടുത്തത് കൊണ്ടാണ് ഹീറോസ് ഉണ്ടാകുന്നതെന്നും നായകന്മാർ തനിയെ വളർന്നു വന്നവരെല്ലെന്നും ജ്യോതിക കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മറ്റ് ഭാഷകളിൽ നോക്കുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യമുള്ള സിനിമകൾ കാണാം. ഹിന്ദിയിലേക്ക് നോക്കുമ്പോൾ ആലിയ ബട്ട് വളരെ നന്നായിട്ട് അഭിനയിക്കുന്നുണ്ട്. അതിനെല്ലാം കാരണം വലിയ ഡയറക്ടേഴ്സ് ആണ്. ഇംതിയാസ് അലി സംവിധാനം ചെയ്ത ഹൈവേ, സഞ്ജയ് ലീല ബൻസാരിയുടെ ഗംഗുഭായ്, മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത രാജിയാണെങ്കിലും ഇവർ മൂന്നുപേരും ഹിന്ദിയിലെ മികച്ച സംവിധായകന്മാരാണ്. അതുപോലെ നമ്മുടെ സംസ്ഥാനത്ത് എവിടെയാണ് ഇങ്ങനെ നടക്കുന്നത്. വലിയ സംവിധായകന്മാരൊക്കെ പടം ചെയ്യുന്നത് ഹീറോസിന് വേണ്ടി മാത്രമാണ്. പിന്നെ എങ്ങനെയാണ് സ്ത്രീകൾ മുന്നോട്ടു വരുക.

ഈ 15 വർഷങ്ങൾ എടുത്തു നോക്കുമ്പോൾ പുതിയ സംവിധായകനാണ് ഹീറോയിൻസിനെ വെച്ച് പടം ചെയ്യുന്നത്. അതിൽ തന്നെ ചില പടങ്ങൾ വിജയിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ ഈ ചിന്താഗതി മാറണമെന്നാണ്. എന്തുകൊണ്ടാണ് ഒരു വലിയ സംവിധായകൻ ഒരു നായികയെ വെച്ച് പടം ചെയ്യാത്തത്? നമുക്ക് ആ മൈൻഡ് തന്നെ വരില്ല.

അങ്ങനെ പടങ്ങൾ ചെയ്യുമ്പോഴാണ് ഹീറോയിൻസിന് വളർച്ച ഉണ്ടാകുന്നത്. ഹീറോസിനും വളർച്ച ഉണ്ടായത് അങ്ങനെ തന്നെയല്ലേ? അവരൊരിക്കലും ഒറ്റയ്ക്ക് വരുന്നില്ലല്ലോ? സംവിധായകരുടെ കൂടെ തന്നെയല്ലേ വരുന്നത്. അതും വലിയ സംവിധായകരുടെ കൂടെ. സ്ത്രീകൾക്ക് വളരാൻ വേണ്ടിയുള്ള ഒരു അവസരം കൊടുക്കുന്നില്ല എന്നാണ് ഞാൻ പറയുന്നത്.

എവിടെയാണ് ഒരുപോലെയുള്ള പ്ലാറ്റ്ഫോം കൊടുക്കുന്നത്. എന്റെ ഒരു പടം എ. ആർ റഹ്മാൻ മ്യൂസിക്കിൽ, വലിയ ക്യാമറമാൻ വലിയ ടീമെല്ലാം ഉണ്ടായാൽ അത് തീർച്ചയായും ശ്രദ്ധിക്കപ്പെടും.അത് വേറിട്ട് തന്നെ കാണും. ഗംഗുഭായ് സിനിമ സഞ്ജയ് ലീല ബെൻസാരി ചെയ്യുമ്പോൾ അത് വ്യത്യസ്തമായി കാണുന്നുണ്ട്. അതുപോലെ മലയാളം സിനിമ നോക്കുമ്പോൾ അവർ കുറച്ചുകൂടി മുന്നോട്ടു വരുന്നുണ്ട്. അത് അവർ വ്യത്യസ്തമായിട്ട് ചിന്തിക്കുന്നുണ്ട്,’ ജ്യോതിക പറഞ്ഞു.

Content Highlight: Jyothika about heroin centric movies in tamil

We use cookies to give you the best possible experience. Learn more