Entertainment
ഇന്ത്യയിലും വിദേശത്തും ഫാൻസുള്ള അദ്ദേഹം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ആ ചിത്രം ചെയ്തത് വലിയ കാര്യമാണ്: ജ്യോതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 19, 03:29 am
Wednesday, 19th February 2025, 8:59 am

 

ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള നടിയായിരുന്നു ജ്യോതിക. ചുരുങ്ങിയ സാമ്യം കൊണ്ട് തന്നെ കമൽ ഹാസൻ, രജനികാന്ത്, വിജയ് തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച ജ്യോതിക വലിയര് ഇടവേളയ്ക്ക് ശേഷം കാതൽ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലും എത്തിയിരുന്നു. മുമ്പ് സീത കല്യാണം എന്ന മലയാള ചിത്രത്തിൽ ജ്യോതിക അഭിനയിച്ചിരുന്നു.

തനിക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക. രജിനികാന്ത് ഒരു സൂപ്പർ സ്റ്റാറാണെന്നും അദ്ദേഹത്തിൻ്റെ സിനിമയായിട്ടു പോലും ചന്ദ്രമുഖിയിൽ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകിയെന്നും ജ്യോതിക പറയുന്നു. കമൽ ഹാസൻ വലിയൊരു ആർട്ടിസ്റ്റാണെന്ന് പറഞ്ഞ ജ്യോതിക പൃഥ്വിരാജ് നല്ലൊരു സുഹൃത്താണെന്നും കൂട്ടിച്ചേർത്തു. പൃഥ്വിരാജ് ഒരിക്കൽ ഡിന്നറിന് ക്ഷണിച്ചപ്പോഴാണ് ഇന്ദ്രജിത്തും പൃഥ്വിയും സഹോദരങ്ങളാണെന്ന് താൻ അറിഞ്ഞതെന്നും ജ്യോതിക കൂട്ടിച്ചേർത്തു.

 

‘രജിനികാന്ത് എന്നെ സംബന്ധിച്ചിടത്തോളം സൂപ്പർഹീറോയാണ്. ‘ചന്ദ്രമുഖി‘എന്ന സിനിമ അദ്ദേഹത്തിൻ്റെ സിനിമയായിട്ടു പോലും ടൈറ്റിലിൽ സ്ത്രീ കഥാപാത്രത്തിനാണ് പ്രാധാന്യം. ഇന്ത്യയിലും വിദേശങ്ങളിലും അദ്ദേഹത്തിന് വലിയ ഫാൻസുണ്ടായിരിക്കുമ്പോഴും അങ്ങനെയൊരു ധൈര്യം കാണിച്ചത് അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്. റിയൽ ലൈഫ് ഹീറോയാണ്. ഒരുപാട് ആത്മവിശ്വാസമുള്ളതിനാൽ നല്ല റോളുകൾ മറ്റുള്ളവർക്ക് നൽകുന്നതിൽ ഒരു മടിയുമില്ല.

തമിഴ്‌നാട്ടിലെ ആർട്ടിസ്റ്റുകളിൽ വലിയൊരു ആർട്ടിസ്റ്റാണ് ‘കമൽഹാസൻ’. ‘തെനാലി‘ ചെയ്തപ്പോൾ അദ്ദേഹത്തിൽ നിന്ന് ആക്ടിങ്ങിൻ്റെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിരുന്നു. പൃഥിരാജ് എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ മൊഴി ചെയ്യുന്ന സമയത്ത് ഒരുപാട് തമാശ കൾ പറഞ്ഞ് ചിരിക്കും. കാരണം ഞാൻ ബധിരയും മൂകയുമായി അഭിനയിക്കുമ്പോൾ പല തമാശകൾ ഉണ്ടാകും.

വിജയ്‌ക്കൊപ്പം ഞാൻ ‘ഖുഷി‘ എന്ന ഒരു സിനിമയേ ചെയ്‌തിട്ടുള്ളൂ. അജിത്തിനൊപ്പമാണ് കുടുതൽ സിനിമകൾ ചെയ്‌തത്‌. പൃഥിയുടെ സഹോദരൻ ഇന്ദ്രജിത്തിനൊപ്പം ‘സീതാകല്യാണ‘ ത്തിൽ അഭിനയിച്ചിരുന്നു. ആ ചിത്രം ചെയ്യുമ്പോൾ ഞാൻ ഇന്ദ്രജിത്തിന്റെ വീട്ടിൽ ഡിന്നറിന് പോയിരുന്നു.

പൃഥി അന്ന് അവിടെയുണ്ടായിരുന്നില്ല. അമ്മയാണ് ഡിന്നർ അറേഞ്ച് ചെയ്‌തത്. മൊഴിയുടെ സമയത്ത് പൃഥി, ജോ എൻ്റെ വീട്ടിൽ ഡിന്നറിന് വന്നിരുന്നുവെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് മനസിലായില്ല. അപ്പോഴാണ് പൃഥിയും ഇന്ദ്രജിത്തും സഹോദരങ്ങളാണല്ലോയെന്ന് ഓർമ വരുന്നത്,’ജ്യോതിക പറയുന്നു.

Content Highlight: Jyothika About Her Co Actors In Films