പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ജ്യോതിക. ഒരു നടിയെന്നതിലുപരി ജ്യോതിക എന്ന വ്യക്തിയെ ആളുകൾക്ക് ഏറെ ഇഷ്ട്ടമാണ്. മമ്മൂട്ടിയുടെ കൂടെ പ്രധാന കഥാപാത്രത്തിൽ എത്തിയ കാതൽ ദി കോറാണ് ജ്യോതികയുടെ പുതിയ ചിത്രം. വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കുള്ള ജ്യോതികയുടെ മികച്ച തിരിച്ചുവരവായിരുന്നു കാതലിലേത്.
വർക്ക് ചെയ്ത സിനിമകളിൽ തന്റെ മക്കൾക്ക് ഇഷ്ട്ടപെട്ട പടം ഏതാണെന്ന ചോദ്യത്തിന് ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ മറുപടി പറയുകയാണ് ജ്യോതിക. തന്റെ കുട്ടികൾക്ക് രാക്ഷസി ഇഷ്ടമാണെന്നും എന്നാൽ കാതൽ സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ അത് ചെയ്യണമെന്ന് പറഞ്ഞെന്നും ജ്യോതിക പറയുന്നുണ്ട്. കുട്ടികൾ കാതൽ ഇത് വരെ കണ്ടിട്ടില്ലെന്നും ജ്യോതിക പറഞ്ഞു. കുട്ടികളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
‘എന്റെ സിനിമയിൽ നിന്നും രാക്ഷസി ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോൾ മലയാളത്തിൽ നിന്നുള്ള കാതൽ എന്ന സിനിമയുടെ കഥ അവരോട് പറഞ്ഞിരുന്നു. അവരിതുവരെ ആ പടം കണ്ടിട്ടില്ല. പക്ഷേ അവർക്ക് അത് നന്നായി ഇഷ്ടപ്പെട്ടു. അതൊരു ഓഫ് ബീറ്റ് കഥയാണ്, അതുപോലെ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കഥയാണ്.
പക്ഷേ അവരാണ് എന്നോട് പറഞ്ഞത് ‘അമ്മ ഇത് വളരെ നല്ല പടമാണ്, നിങ്ങൾ ഇത് എന്തായാലും ചെയ്യണം’ എന്ന്. അത് കേട്ടപ്പോൾ തന്നെ എനിക്ക് അത്ഭുതം തോന്നി. അപ്പോൾ എനിക്ക് മനസിലായി കുട്ടികളിൽ നിന്നും ഒരുപാട് പഠിക്കേണ്ടതുണ്ട് എന്ന്.
അവരുടെ മനസ്സിൽ ഒന്നും ഉണ്ടാവില്ല. അവർ ഫ്രണ്ട്സിനെ നോർത്തിലും സൗത്തിലും എല്ലാം കാണുന്നുണ്ട് പക്ഷേ അവർക്കിടയിൽ ജാതി എന്താണെന്നോ ഏത് ഭാഷക്കാരനാണെന്നോ അങ്ങനെ ഒരു വ്യത്യാസവുമില്ല. അവർക്ക് രണ്ട് സ്ഥലവും വീട് പോലെയാണ്. അവർ നോൺ ജഡ്ജ്മെന്റലാണ്. അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്,’ ജ്യോതിക പറഞ്ഞു.
Content Highlight: Jyothika about her children