കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സമൃതി പരുത്തിക്കാടും തമ്മില്‍ തര്‍ക്കം. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റിപ്പോര്‍ട്ടര്‍ ടി.വി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരായ നിലപാട് കൈക്കൊണ്ടു എന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ശനിയാഴ്ച രാത്രി നടന്ന ചര്‍ച്ചയിലായിരുന്നു തര്‍ക്കം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടും റിപ്പോര്‍ട്ടര്‍ ടി.വിയെ വിമര്‍ശിച്ചുകൊണ്ടും ജ്യോതികുമാര്‍ ചാമക്കാല ഇന്ന് ഫേസ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
പാലക്കാട് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെയും ബി.ജെ.പിയെയും നേരിടുന്നതിനൊപ്പം തങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍ ടി.വിയെയും നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ജ്യോതികുമാര്‍ പറഞ്ഞത്. ഈ തെരഞ്ഞെടുപ്പില്‍ തങ്ങളെ ഒരു കാരണവുമില്ലാതെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് റിപ്പോര്‍ട്ടര്‍ ചാനലാണെന്നും അദ്ദേഹം പറഞ്ഞു.
റിസള്‍ട്ട് വന്നതിന് ശേഷവും ചാനല്‍ ഈ നിലപാട് തന്നെയാണ് തുടരുന്നതെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. ഒരിക്കല്‍ റിപ്പോര്‍ട്ടര്‍ ടി.വിയെ തങ്ങള്‍ ബഹിഷ്‌കരിച്ചതാണെന്നും അന്ന് സ്മൃതി കത്ത് തന്നതിന്റെ അടിസ്ഥാനത്തിലാണ് തിരികെ വന്നതെന്നും പറഞ്ഞ ജ്യോതികുമാര്‍ ഈ നിലപാടുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഇനിയും ബഹിഷ്‌കരിക്കേണ്ടി വരുമെന്നും പറഞ്ഞു.
എന്നാല്‍ ചാനലിന് കോണ്‍ഗ്രസിന് എതിരായ ഒരു നിലപാടില്ലെന്നും ചര്‍ച്ചയില്‍ അവതാരക കൂടിയായ സ്മൃതി പരുത്തിക്കാട് പറഞ്ഞു. ഫലം വന്നതിന് ശേഷം റിപ്പോര്‍ട്ടര്‍ ടി.വി. പ്രതിനിധി ആര്‍. റോഷിപാല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലക്കാട് യു.ഡി.എഫിന് പച്ചതൊടണമെങ്കില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടിയിരുന്നു എന്ന് പരാമര്‍ശിച്ചിരുന്നു. ഇതാണ് ജ്യോതികുമാറിനെ പ്രകോപിപ്പിച്ചത്.
പാലക്കാട് വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ ജ്യോതികുമാര്‍ തനിക്ക് ചാനലുമായി ബന്ധപ്പെട്ട വിമര്‍ശനം പറഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ ചാനലുമായുള്ള വിമര്‍ശനം പറഞ്ഞ് മുന്നോട്ടുപോകാനാകില്ലെന്നും ചര്‍ച്ചയുടെ വിഷയം അതല്ലെന്നും അവതാരക പറഞ്ഞെങ്കിലും തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് ജ്യോതികുമാര്‍ തിരിച്ചടിക്കുകയായിരുന്നു.
തന്നെ കേള്‍ക്കാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ താന്‍ ചര്‍ച്ച മതിയാക്കി പോകുമെന്നും ജ്യോതികുമാര്‍ പറഞ്ഞു. ഇതേ നിലപാടുമായി റിപ്പോര്‍ട്ടര്‍ ടി.വി. മുന്നോട്ട് പോകുകയായണെങ്കില്‍ ഭാവിയില്‍ റിപ്പോര്‍ട്ടര്‍ ടി.വിയെ ബഹിഷ്‌കരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക വാക്താവ് എന്ന നിലയിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മില്‍ നിന്ന് വി. വസീഫ്, ബി.ജെ.പിയില്‍ നിന്ന് എം.ടി. രമേഷ് തുടങ്ങിയവരായിരുന്നു ചര്‍ച്ചയിലുണ്ടായിരുന്നു പാനലിസ്റ്റുകള്‍. ചര്‍ച്ചക്ക് ശേഷം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ട് ജ്യോതികുമാര്‍ ചാമക്കാല ഇന്നാണ് ചര്‍ച്ചയുടെ ക്ലിപ് സഹിതം ഫേസ്ബുക്കില്‍ കുറിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേ സമയം പ്രസ്തുത വാര്‍ത്തയുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി.വിയിലെ ജേര്‍ണലിസ്റ്റ് ആര്‍. റോഷിപാലിന് നേരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി ചാനല്‍ ആരോപിക്കുന്നുണ്ട്. റോഷിപാലിനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.
content highlights: Jyothi Kumar Chamakala says that Reporter TV will have to be boycotted; Argument with Smriti Paruthikad in discussion