ദൃശ്യം എന്ന സൂപ്പർ ഹിറ്റിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് നായകനായി എത്തിയ ചിത്രത്തിൽ നടി ജ്യോതി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജോസൂട്ടിയെന്ന കഥാപാത്രത്തെ ചതിക്കുന്ന തരത്തിലായിരുന്നു ജ്യോതി കൃഷ്ണയെ സിനിമയിൽ അവതരിപ്പിച്ചത്.
എന്നാൽ ഇന്നാണ് ആ സിനിമയെങ്കിൽ മറ്റൊരു വിധത്തിലാവും പ്രേക്ഷകർ ഏറ്റെടുക്കുകയെന്നും അന്ന് ദിലീപ് ജനപ്രിയ നായകനായിരുന്നുവെന്നും അതുകൊണ്ട് ദിലീപിനെ ചതിക്കുന്ന തരത്തിലുള്ള വേഷങ്ങൾ അന്നത്തെ പ്രേക്ഷകർക്ക് സ്വീകരിക്കാൻ മടിയായിരുന്നുവെന്നും ജ്യോതി പറയുന്നു.
സിനിമയിലെ നായകനെ സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് അന്ന് പ്രേക്ഷകർ സിനിമ കണ്ടതെന്നും ഇന്നാണെങ്കിൽ ഒരുപക്ഷെ അതിന് മാറ്റമുണ്ടാവുമെന്നും ജ്യോതി പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ദിലീപേട്ടന് ഇപ്പോൾ രണ്ട് കാലഘട്ടമുണ്ട്. അന്നത്തെ കാലഘട്ടത്തിൽ ദിലീപേട്ടൻ ജനപ്രിയ നായകനാണ്. ആളുകൾക്ക് അത്രയും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സിനിമയിൽ ദിലീപേട്ടനെ ചതിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു അപ്പോൾ.
ഇപ്പോൾ അങ്ങനെയല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഇപ്പോൾ ക്രൗഡ് മാറി. പ്രേക്ഷകർ മാറി. അവരുടെ ചിന്താഗതികൾ മാറി. അന്ന് അങ്ങനെ ആയിരുന്നില്ല. ആ സിനിമയിൽ തിയേറ്ററിൽ കയ്യടി വന്നൊരു സീനുണ്ടായിരുന്നു. ഒരു സീനിൽ നായകൻ പറയുന്നുണ്ട്, ഞാൻ ഷർദ്ദിച്ചത് കഴിക്കാറില്ലെന്ന്. അതിന് വലിയ കയ്യടിയായിരുന്നു തിയേറ്ററിൽ. അതിന്റെ അർത്ഥം ആ നായകനെ പ്രേക്ഷകർ സപ്പോർട്ട് ചെയ്യുന്നു എന്നാണ്.
അത് കേട്ടപ്പോൾ അമ്മക്ക് വലിയ സങ്കടമായി. കാരണം അമ്മ സ്വന്തം മകളെയാണ് സ്‌ക്രീനിൽ കാണുന്നത് കഥാപാത്രത്തെയല്ല.
അന്ന് സിനിമയിലെ എന്റെ പ്രകടനം കണ്ട് ഒന്ന് രണ്ട് പേർ എന്നെ അഭിനന്ദിച്ചിരുന്നു. അതിൽ ഞാനിപ്പോഴും ഓർത്ത് വെക്കുന്ന ഒരാൾ സംവിധായകൻ രഞ്ജിത്ത് ശങ്കറിനെയാണ്. അദ്ദേഹം എന്നെ വിളിച്ചിട്ട് എന്റെ ആ സീൻ നന്നായിരുന്നുവെന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ നല്ലൊരു അഭിനന്ദനമായിരുന്നു.
ഇപ്പോഴും ആളുകൾ എന്നെ അറിയുന്നത് ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് ആയിട്ട് തന്നെയാണ്. കരിയറിൽ ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ കൂടുതൽ ബെനഫിറ്റ് ഉണ്ടാക്കിയിട്ടുള്ള സിനിമയാണ് അത്,’ജ്യോതി കൃഷ്ണ പറയുന്നു.
Content Highlight: Jyothi Krishna Talk About Life Of Josutty Movie