| Sunday, 14th July 2024, 10:54 am

തേപ്പുകാരി റോളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് പേടിച്ച് ആ ഹിറ്റ് ചിത്രത്തിലെ വേഷം ഞാന്‍ വേണ്ടെന്ന് വെച്ചു: ജ്യോതി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ അവതാരക രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടിയാണ് ജ്യോതി കൃഷ്ണ. മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ സിനിമയുടെ ഭാഗമായ ജ്യോതിയുടെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ പ്രകടനമായിരുന്നു വലിയ ശ്രദ്ധ നേടിയത്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ശ്രദ്ധേയമായ പ്രകടനമാണ് എല്ലാ സിനിമയിലും താരം കാഴ്ചവെച്ചത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിലെ കഥാപാത്രമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. ചിത്രം സാമ്പത്തികപരമായി വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം അതിന് സമാനമായ ഒന്നു രണ്ട് കഥാപാത്രങ്ങള്‍ തന്നെ തേടി വന്നിരുന്നുവെന്ന് ജ്യേതി കൃഷ്ണ പറഞ്ഞു.

ലൈഫ് ഓഫ് ജോസൂട്ടി ചെയ്തു തീര്‍ത്ത ഉടനെ സു സു സുധി വാത്മീകത്തിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ ജയസൂര്യയുടെ കഥാപാത്രത്തെ സ്‌നേഹിച്ച് പിരിയുന്ന വേഷമായത് കൊണ്ട് താന്‍ അത് വേണ്ടെന്ന് വെച്ചുവെന്ന് താരം പറഞ്ഞു. അടുപ്പിച്ച് ഒരുപോലുള്ള റോളുകള്‍ ചെയ്യുമ്പോള്‍ ടൈപ്പ്കാസ്റ്റ് ആയിപ്പോകുമെന്ന് വിചാരിച്ച് ആ സിനിമ താന്‍ ഉപേക്ഷിച്ചുവെന്നും ജ്യോതി കൃഷ്ണ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ലൈഫ് ഓഫ് ജോസൂട്ടി ചെയ്ത് കഴിഞ്ഞയുടനെ ഞാന്‍ കേട്ട കഥ സുധി വാത്മീകത്തിന്റേതാണ്. അതില്‍ ജയസൂര്യയുടെ കാമുകിയുടെ വേഷമായിരുന്നു. സ്വാതി നാരായണന്‍ ചെയ്ത റോളിലേക്ക് എന്നെ വിളിച്ചതായിരുന്നു. പക്ഷേ ആ സിനിമയില്‍ ജയസൂര്യയെ സ്‌നേഹിച്ച ശേഷം ഒരു ഘട്ടത്തില്‍ അത് വേണ്ടെന്ന് വെക്കുന്ന കഥാപാത്രമായിരുന്നു എന്റേത്.

ലൈഫ് ഓഫ് ജോസൂട്ടിയിലും അതുപോലുള്ള ഒരു റോള്‍ ഞാന്‍ ചെയ്ത് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും അതുപോലെ ഒരു ക്യാര്കടര്‍ ചെയ്താല്‍ മിക്കവാറും എന്നെ മലയാളത്തിലെ സ്ഥിരം തേപ്പുകാരിയാക്കുമോ എന്ന് പേടിയുണ്ടായിരുന്നു. കാരണം, അടുപ്പിച്ച് ഒരുപോലുള്ള വേഷം ചെയ്താല്‍ അതിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യുന്ന ഇന്‍ഡസ്ട്രിയാണിത്,’ ജ്യോതി കൃഷ്ണ പറഞ്ഞു.

Content Highlight: Jyothi Krishna saying that she rejected Su Su Sudhi Vathmeekam movie

We use cookies to give you the best possible experience. Learn more