തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായെന്ന വ്യാജവാര്‍ത്തക്കെതിരേ നടി ജ്യോതികൃഷ്ണ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണയുടെ പ്രതികരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അരുണ്‍ രാജ അറസ്റ്റിലായെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും ജ്യോതി ലൈവില്‍ പറഞ്ഞു.
അരുണിനെ ലൈവില്‍ ക്യാമറയ്ക്ക് മുന്നില്‍ക്കൊണ്ടുവന്നായിരുന്നു ജ്യോതിയുടെ പ്രതികരണം. വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതി നല്‍കിയിട്ടുണ്ടെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.
‘ഇന്ന് രാവിലെ മുതല്‍ നിരവധി പേരാണ് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നത്. എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. എന്റെ ഒരു സുഹൃത്ത് അയച്ച യൂട്യൂബ് ലിങ്ക് കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്. പത്ത് മിനിറ്റ് മുമ്പ് വരെ എന്റെ അടുത്തുണ്ടായിരുന്ന ഭര്‍ത്താവിനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്‌തെന്നായിരുന്നു വാര്‍ത്ത. സംശയം കാരണം ഞാന്‍ അദ്ദേഹത്തെ നോക്കിയപ്പോള്‍ അദ്ദേഹം ലിവിംഗ് റൂമിലിരിക്കുകയാണ്’- ജ്യോതി പറഞ്ഞു.
സെപ്റ്റംബര്‍ എട്ടിനാണ് ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവിനെ കേസില്‍ അറസ്റ്റ് ചെയ്തതെന്നും കുടുംബം ഇപ്പോള്‍ കഷ്ടപ്പെടുകയാണെന്നുമായിരുന്നു വാര്‍ത്ത.
‘കുറച്ചൊക്കെ അന്വേഷിച്ച് വേണം വാര്‍ത്തകള്‍ കൊടുക്കാന്‍. രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി, നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെ. ഇതാ നില്‍ക്കുന്നു നിങ്ങള്‍ അറസ്റ്റിലായി എന്നു പറയുന്ന മനുഷ്യന്‍- ജ്യോതി പറഞ്ഞു.
മുമ്പ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരേ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാത്തില്‍ നിന്നും വിട്ട് സമാധാനമായി കഴിയുകയാണെന്നും ഈ കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ജ്യോതി പറഞ്ഞു.
തങ്ങള്‍ ഇപ്പോള്‍ ദുബായിലാണെന്നും വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജ്യോതി പറഞ്ഞു. ഇനിയും ഇത്തരം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ നല്‍കരുതെന്നും ജ്യോതി പറഞ്ഞു.
View this post on Instagram
ഇതിനു മുമ്പും ജ്യോതിയ്‌ക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. തന്റെ ഭര്‍ത്താവിന്റെ വീട്ടുകാരെയും ബന്ധുക്കളേയും തിരഞ്ഞ് പിടിച്ച് തന്റെ വിവാഹ ജീവിതം തകര്‍ക്കാന്‍ ഫേസ് ബുക്കിലൂടെ ശ്രമിക്കുന്ന ആളെ തുറന്ന് കാട്ടി ജ്യോതി രംഗത്തെത്തിയിരുന്നു.
നിങ്ങളല്ലാതെ ഈ നടിയെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുമോ എന്നാണ് വ്യാജ ഐഡി ക്രിയേറ്റ് ചെയ്ത ആള്‍ ഭര്‍ത്താവിന്റെ വീട്ടുകാരോട് ചോദിച്ചത്.
തന്റെ വിവാഹം കഴിഞ്ഞിട്ട് എന്തിനാണ് ഈ ‘പണി’ ചെയ്യുന്നതെന്ന് അറിയില്ല. ആരാണെന്നും അറിയില്ല. എന്നാല്‍ ഈ പണി ചെയ്ത ആള്‍ക്ക് തെറ്റിപ്പോയി ഭര്‍ത്താവും വീട്ടുകാരും തനിക്ക് വലിയ സപ്പോര്‍ട്ടാണ് തരുന്നത്. പോകാന്‍ പറ എന്നാണ് അവര്‍ പറയുന്നത്. ഒരു കാര്യവുമില്ല ഇത്തരത്തിലുള്ള പണികൊണ്ടെന്നും ജ്യോതി പറഞ്ഞിരുന്നു.
ലൈഫ് ഓഫ് ജോസൂട്ടി, ആമി, ഇത് പാതിരമണല്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ നടിയാണ് ജ്യോതി കൃഷ്ണ. 2017 ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണവര്‍. രാധികയുടെ സഹോദരന്‍ അരുണ്‍ രാജയെയാണ് ജ്യോതികൃഷ്ണ വിവാഹം ചെയ്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: jyoti krishna about fake news gold smuggling