| Friday, 12th May 2023, 11:17 am

'അവനെങ്ങും പോകുന്നില്ല, ഇവിടെ തുടരും'; സൂപ്പര്‍താരത്തിന്റെ കരാര്‍ പുതുക്കാനൊരുങ്ങി യുവന്റസ്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം എയ്ഞ്ചല്‍ ഡി മരിയ തന്റെ 35ാം വയസിലും മികച്ച ഫോമില്‍ തുടരുകയാണ്. നിലവില്‍ യുവന്റസിനായി ബൂട്ടുകെട്ടുന്ന താരം ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ.

ഡി മരിയ തുര്‍ക്കി ക്ലബ്ബിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ താരത്തിന്റെ കരാര്‍ പുതുക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് യുവന്റസ് എന്നും റൊമാനോ ട്വീറ്റ് ചെയ്തു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ ഉടന്‍ തന്നെ അന്തിമ ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022ലാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്നും ഡി മരിയ യുവന്റസിലേക്ക് ചേക്കേറിയത്. 19 മത്സരങ്ങളില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബിനായി മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. 190 കളികളില്‍ 36 ഗോളുകളും 85 അസിസ്റ്റുകളുമാണ് താരം റയലിനായി നേടിയത്.

അതേസമയം, ദേശീയ ടീമിലും ഈയിടെ നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ ഡി മരിയ ഗോള്‍ നേടിയിരുന്നു.

കഴിഞ്ഞവര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ വിജയഗോള്‍ കുറിക്കാന്‍ ഡി മരിയക്ക് സാധിച്ചു. തുടര്‍ന്ന് നടന്ന ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഏറ്റവുമൊടുവില്‍ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഗോള്‍ നേടിയപ്പോഴും മത്സരം ജയം കണ്ടു.

അതേസമയം, ഡി മരിയ ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് താരം തന്നെ അത് തിരുത്തുകയായിരുന്നു. 2024 കോപ്പ അമേരിക്ക വരെ ഡി മരിയ അന്താരാഷ്ട്ര ഫുട്ബോളില്‍ തുടരുമെന്നാണ് സൂചന. വിരമിക്കുമെന്ന തീരുമാനം തിരുത്തുകയാണെന്നും കരിയര്‍ ഉടന്‍ അവസാനിപ്പിക്കില്ലെന്നും താരം പിന്നീട് അറിയിക്കുകകയായിരുന്നു.

സീരി എയില്‍ വെള്ളിയാഴ്ച സെവില്ലക്കെതിരെ യുവന്റ്‌സ് മത്സരിച്ചിരുന്നു. മാച്ചില്‍ ഇരുകൂട്ടരും 1-1ന്റെ സമനിലയില്‍ പിരിഞ്ഞു. യുവന്റസിനായി ഫെഡറിക്കോ ഗാട്ടി ഗോള്‍ നേടിയപ്പോള്‍ യൂസഫ് എന്‍ നസീറിയാണ് സെവില്ലക്കായി വലകുലുക്കിയത്.

ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ 20 ജയവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുവന്റ്‌സ്. ഇത്ര തന്നെ മത്സരങ്ങളില്‍ 26 ജയവുമായി 83 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നാപ്പോളിയാണ്.

മെയ് 15ന് ക്രെമോണീസിനെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.

Content Highlights: Juventus wants to extend the contract with Angel Di Maria

We use cookies to give you the best possible experience. Learn more