യുവന്റസിനും അർജന്റീനക്കും ആശ്വാസ വാർത്ത; പരിക്കിൽ നിന്ന് മോചിതനായി താരം ഉടൻ കളത്തിലിറങ്ങും
Football
യുവന്റസിനും അർജന്റീനക്കും ആശ്വാസ വാർത്ത; പരിക്കിൽ നിന്ന് മോചിതനായി താരം ഉടൻ കളത്തിലിറങ്ങും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 10:58 pm

ചാമ്പ്യൻസ് ലീഗിൽ മക്കാബി ഹൈഫക്കെതിരായ മത്സരത്തിൽ യുവന്റസ് താരം എയ്ഞ്ചൽ ഡി മരിയക്ക് പരിക്കേറ്റിരുന്നു. തുടർന്ന് മത്സരം പൂർത്തിയാക്കാതെ താരം കളം വിടുകയായിരുന്നു. ഇത് യുവന്റസിനെയും അർജന്റീനയെയും ഒരുപോലെയാണ് ആശങ്കപ്പെടുത്തിയത്. ലോകകപ്പ് മുന്നിൽ നിൽക്കെ താരത്തിന് പരിക്കേറ്റതാണ് അർജന്റീനയുടെ ആശങ്ക.

എന്നാൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താരത്തിന്റെ മെഡിക്കൽ പരിശോധനാ ഫലം യുവന്റസ് ഔദ്യോഗികമായി പുറത്ത് വിട്ടു. ഡി മരിയ സ്‌കാനിങ്ങിന് വിധേയനാകുമെന്നും 20 ദിവസമാണ് ഫിറ്റ്‌നസ് വീണ്ടെടുക്കാൻ ആവശ്യമായി വരിക എന്നും യുവന്റസ് അറിയിച്ചു.

ഇതോടെ നവംബർ 20ന് ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള അർജന്റീന ടീമിൽ ഡി മരിയ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് സിയിലാണ് അർജന്റീനയുടെ സ്ഥാനം. നവംബർ 22ന് സൗദി അറേബ്യക്കെതിരായാണ് അർജന്റീനയുടെ ആദ്യ മത്സരം. മെക്സിക്കോയും പോളണ്ടുമാണ് മറ്റ് ടീമുകൾ. റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരായ 2021 കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയ ഗോൾ നേടിയ ഡി മരിയ ആയിരുന്നു.

റോമക്ക് വേണ്ടി കളിക്കുന്നതിനിടെ അർജന്റീനയുടെ സഹതാരം പൗലോ ഡിബാലയ്ക്ക് പരിക്കേറ്റതിന് ശേഷമാണ് ഡി മരിയയുടെ പരിക്ക്.
രണ്ട് മത്സരങ്ങളുടെ സസ്‌പെൻഷനെത്തുടർന്ന് സീരി എ ആക്ഷനിലേക്ക് മടങ്ങാൻ ഒരുങ്ങിയിരിക്കെയാണ് ഡി മരിയക്ക് പരിക്ക് വില്ലനായെത്തിയത്. ചാമ്പ്യൻസ് ലീഗിലെ ബെൻഫിക്ക, പി.എസ.ജി എന്നിവർക്കെതിരെയുള്ള മത്സരങ്ങളും സീരി എയിലെ രണ്ട് മത്സരവും ഇതോടെ താരത്തിന് നഷ്ടമാവും. ഫ്രീ ഏജന്റായി എത്തിയതിന് ശേഷം ഇതിനകം രണ്ട് തവണ താരത്തിന് പരിക്കേറ്റിരുന്നു.

അതേസമയം ഇസ്രഈലി ക്ലബ്ബായ മക്കാബി ഹൈഫയ്ക്കെതിരായ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട യുവന്റസ് ചാമ്പ്യൻസ് ലീഗിൽ പുറത്താകലിന്റെ വക്കിലാണ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മക്കാബി ഹൈഫ നേടുന്ന ആദ്യ ജയം കൂടിയാണിത്. നിലവിൽ ഗ്രൂപ്പ് എച്ചിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്. ഇനി രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ബെൻഫിക്കയേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് യുവന്റസ്.

 

Content Highlights: Juventus super star is all set for Qatar world cup 2022