കോപ്പ ഇറ്റാലിയയില്‍ ഗോള്‍ മഴ പെയ്യിച്ച് യുവന്റസ്. കോപ്പ ഇറ്റാലിയ അണ്ടര്‍ 16ല്‍ നടന്ന മത്സരത്തില്‍ സലേര്‍നിറ്റാനയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ വമ്പന്മാര്‍ തകര്‍ത്തത്.
യുവന്റസിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-5-2 എന്ന ഫോര്‍മേഷനില്‍ ആണ് ഹോം ടീം കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്നെ ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ മുന്നിലെത്തി. ഒന്നാം മിനിട്ടില്‍ ചുക്വുബുകെം ഇക്വമെസിയിലൂടെയാണ് സലേര്‍നിറ്റ ഗോള്‍ നേടിയത്. എന്നാല്‍ പിന്നീടുള്ള നിമിഷങ്ങളില്‍ യുവന്റസ് മത്സരത്തില്‍ പൂര്‍ണാധിപത്യം പുലര്‍ത്തുകയായിരുന്നു.
12ാം മിനിട്ടില്‍ ഫാബിയോ മിറെറ്റിയിലൂടെ യുവന്റസ് മറുപടി ഗോള്‍ നേടി. ആന്‍ഡ്രിയ കാംബിയാനോ 34, ഡാനിയേല്‍ റുഗാനി 54, ഡിലന്‍ ബ്രോണ്‍ 75, കെനാന്‍ യില്‍ഡിസ് 88, തിമോത്തി വീ 90+1 എന്നിവരായിരുന്നു യുവന്റസിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.
അതേസമയം സിരി എയില്‍ 18 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 13 വിജയവും 4 സമനിലയും ഒരു തോല്‍വിയും അടക്കം 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുവന്റ്‌സ്. അതേസമയം ഇറ്റാലിയൻ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും രണ്ടു വിജയങ്ങളും ആറ് സമനിലയും പത്ത് തോൽവിയും അടക്കം 12 പോയിന്റുമായി അവസാനസ്ഥാനത്താണ് സാലെർനിറ്റാന.
സിരി എയില്‍ സലേര്‍നിറ്റാനക്കെതിരെ തന്നെയാണ് യുവന്റസിന്റെ അടുത്ത മത്സരവും. ജനുവരി എഴിനാണ് മത്സരം നടക്കുക.