ഭുവനേശ്വർ: ഒഡീഷയിൽ പ്രായപൂർത്തിയാകാത്തയാളുടെ കയ്യിൽ നിന്ന് നിരോധിത ഹെറോയിൻ പിടിച്ചെടുത്ത കേസിൽ കുറ്റവാളിക്ക് ശിക്ഷ നൽകാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ തീരുമാനം. ആദ്യമായാണ് മയക്കുമരുന്ന് കേസിൽ പിടികൂടിയ പ്രായപൂർത്തിയാവാത്ത കുറ്റവാളിയെ സംസ്ഥാനം ശിക്ഷിക്കുന്നത്. എൻ.ഡി.പി.എസ് കേസിൽ ഇന്ത്യയിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അപൂർവമായാണ് ശിക്ഷിക്കപ്പെടാറുള്ളതെന്ന്ഒഡീഷ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് സെക്ഷൻ 21 (സി) പ്രകാരമുള്ള കുറ്റത്തിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവാളിയെ ബെർഹാംപൂരിലെ പ്രത്യേക ഹോമിലേക്ക് മൂന്ന് വർഷത്തേക്ക് മാറ്റിയിരുന്നു.
ബിഹേവിയർ മോഡിഫിക്കേഷൻ തെറാപ്പി, സൈക്യാട്രിക് സപ്പോർട്ട്, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുൾപ്പെടെയുള്ള നവീകരണ സേവനങ്ങൾ കുറ്റവാളിക്ക് പ്രത്യേക ഹോമിൽ നൽകണമെന്ന് കോടതി ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഓഗസ്റ്റ് 12ന് പ്രായപൂർത്തിയാവാത്തവരടക്കം മൂന്ന് പേരിൽ നിന്ന് 1.26 കിലോഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തതായി ഭുവനേശ്വറിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ഉദ്യോഗസ്ഥർ അറിയിച്ചു. ഡീലർമാരായ മൂന്ന് പേരെയും എസ്.ടി.എഫ് പിടികൂടിയിരുന്നു. കൂടാതെ കുറ്റവാളികളിൽ നിന്ന് കള്ളപ്പണവും മറ്റ് കുറ്റകരമായ വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.
2020മുതൽ എസ്.ടി.എഫ് 73 കിലോ ഹെറോയിൻ, 202 ഗ്രാം കൊക്കെയ്ൻ, 116 ക്വിന്റലിലധികം കഞ്ചാവ്, 750 ഗ്രാം കറുപ്പ് എന്നിവ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. 183ലധികം മയക്കുമരുന്ന് വ്യാപാരികളെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 62 കിലോഗ്രാം ബ്രൗൺ ഷുഗറും എസ്.ടി.എഫ് പിടിച്ചെടുത്തയാണ് കണക്ക്. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക ഒഡീഷ പൊലീസ് വിഭാഗമാണ് എസ്.ടി.എഫ്.
Content Highlight: Juvenile Justice Board’s decision to punish a juvenile offender