| Monday, 23rd July 2018, 10:40 am

പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ല; ഇന്ത്യ അപരിഷ്‌കൃത രാഷ്ട്രമല്ലെന്നും ജുവനൈല്‍ ജസ്റ്റിസ് കമ്മറ്റി ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ബലാത്സംഗവും കൊലപാതകവും പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളിലാണെങ്കില്‍ക്കൂടി, പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നതില്‍ തടസ്സങ്ങളുണ്ടെന്ന് സുപ്രീം കോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മറ്റി ചെയര്‍മാന്‍ ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് ഇത്തരത്തിലുള്ള എല്ലാ കേസുകളിലും വധശിക്ഷ നല്‍കുന്ന വിഷയം പരിഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കമ്മറ്റിയുടെ നിരീക്ഷണം.

തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത്തരം കേസുകളില്‍ വിധി പ്രസ്താവിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ജസ്റ്റിസ് ലോകൂര്‍ പ്രസ്താവിച്ചു. “എല്ലാ കൊലപാതകത്തിനും, എല്ലാ ബലാത്സംഗത്തിനും ശിക്ഷയായി വധശിക്ഷ മാത്രമേ അനുശാസിക്കാവൂ എന്ന നിയമമല്ല നമുക്കുള്ളത്. നമ്മുടേത് തീര്‍ത്തും അപരിഷ്‌കൃതമായ ഒരു രാജ്യമല്ലല്ലോ.”

“കുറ്റകൃത്യത്തിലേര്‍പ്പെടുന്ന വ്യക്തി പതിനേഴോ പതിനെട്ടോ വയസ്സുള്ളയാളാണ്, അതിനാല്‍ അയാള്‍ക്ക് വധശിക്ഷതന്നെ നല്‍കണം എന്നു പറയാനാകില്ല. തെളിവുകള്‍ അടിസ്ഥാനപ്പെടുത്തി കേസിലെ സാഹചര്യങ്ങള്‍ പഠിച്ചുവേണം തീരുമാനത്തിലെത്താന്‍.” ജസ്റ്റിസ് ലോകൂര്‍ പറയുന്നു.


Also Read: ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഞാന്‍; കല്ലെറിഞ്ഞ് ഭയപ്പെടുത്താമെന്ന് കരുതേണ്ട; പ്രതിഷേധക്കാരോട് ദേവേന്ദ്ര ഫട്‌നാവിസ്


ജുവനൈല്‍ ജസ്റ്റിസ് ആക്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇന്‍ഡോറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോക്‌സോ കോടതികള്‍ വേണ്ടത്ര മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

“പോക്‌സോ കോടതികള്‍ കാര്യക്ഷമമായാണോ പ്രവര്‍ത്തിക്കുന്നത്? അതോ അവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടോ? പോക്‌സോ കോടതികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്തായിരിക്കും ഇതിന്റെ കാരണങ്ങള്‍? എന്തെല്ലാമായിരിക്കും ഈ വിഷയത്തിലെ വെല്ലുവിളികള്‍?” അദ്ദേഹം ചോദിക്കുന്നു.

ബാലവേല, ശിശുക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉടനടി തീര്‍പ്പുണ്ടാക്കാന്‍ ശിശു സംരക്ഷണ സമിതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more