[]കൊച്ചി: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കേണ്ടെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍.
ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള കത്ത് കൃഷ്ണയ്യര്‍ തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി ചീഫ് ജസ്്റ്റിസ് രൂപീകരിച്ച സമിക്ക് അയച്ചു.
ഹൈക്കോടതി വിഭജനം അതിന്റെ പ്രാധാന്യം കുറയ്ക്കാന്‍ കാരണമാവുമെന്ന് കൃഷ്ണയ്യര്‍ കത്തില്‍ പറയുന്നു. നിയമമന്ത്രിയായിരുന്നപ്പോള്‍ ബഞ്ച് സ്ഥാപിക്കുന്നതിനെ താന്‍ അനുകൂലിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ കേരളത്തിന്റെ മാറിയ സാഹചര്യം പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ബഞ്ച് സ്ഥാപിക്കേണ്ട ആവശ്യമില്ല. അത് കൊണ്ട് തന്നെ ബഞ്ച് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. കൃഷ്ണയ്യര്‍ വിദഗ്ധ സമതിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.
തിരുവന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിനായി ഈ മാസം 15നാണ് ചീഫ് ജസ്റ്റിസ് ഉന്നത സമിതിയെ നിയോഗിച്ചത്.
ഇതിനായി അഞ്ചംഗ ഹൈക്കോടതി ജഡ്ജിമാരുള്‍പ്പെടുന്ന സമിതിയാണ് രൂപീകരിച്ചത്. കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റീസ് കെ.എം ജോസഫ് അധ്യക്ഷനായ സമിതിയ്ക്കാണ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ രൂപം നല്‍കിയത്.
ജസ്റ്റീസുമാരായ എസ്.സിരി ജഗന്‍, ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ , കെ.എം ജോസഫ്, തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, കെ.ടി ശങ്കരന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
തിരുവനന്തപുരം സന്ദര്‍ശിച്ചതിന് ശേഷം അഭിഭാഷക സംഘടനയില്‍ നിന്നുള്‍പ്പെടെയുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കാനാണ് സമിതിയുടെ പദ്ധതി. ഈ സമിതിയ്ക്കാണ് കൃഷ്ണയ്യര്‍ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ടുള്ള കത്ത് കൈമാറിയത്.
അടുത്തിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനത്തോടെയാണ് തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ചെന്ന ആവശ്യം വീണ്ടും സജീവമായത്.
ദില്ലി യാത്രക്കിടെ മുഖ്യമന്ത്രി നിയമമന്ത്രി കപില്‍ സിബലിനെക്കണ്ട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് ആവശ്യം പരിശോധിക്കാന്‍ ഹൈക്കോടതി സമിതിയെ നിശ്ചയിക്കാന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെടുമെന്ന് കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് നിയമമന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് സമിതി രൂപീകരിച്ചത്. ഇതാദ്യമായാണ് തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ച് കോടതി ഇടപെടുന്നത്.