ലണ്ടന്‍: സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രാജിവെച്ച് ആംഗ്ലിക്കന്‍ സഭാ തലവന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വില്‍ബി. ബാലപീഡനങ്ങളെക്കതിരെ നടപടിയെടുത്തില്ലെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് രാജി.
കഴിഞ്ഞ ആഴ്ച 1970ത്തിന്റെ അവസാനത്തിലും 1980ത്തിന്റെ തുടക്കത്തിലുമായി യു.കെ, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ കുട്ടികളെ ജോണ്‍ സ്മിത്ത് ദുരുപയോഗം ചെയ്തെന്ന വിവരങ്ങള്‍ സഭ മറച്ചുവെച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതിനുപിന്നാലെയാണ് സഭാ തലവനായ വില്‍ബി രാജിവെക്കണമെന്ന ആവശ്യം രൂക്ഷമായി ഉയര്‍ന്നത്.
വില്‍ബിയുടെ രാജി ആവശ്യപ്പെട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണകക്ഷിയായ ജനറല്‍ സിനഡിലെ മൂന്ന് അംഗങ്ങള്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതില്‍ 4500ത്തിലധികം ആളുകള്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 130 ആണ്‍കുട്ടികള്‍ ജോണ്‍ സ്മിത്തിന്റെ പീഡനത്തിന് ഇരയായിട്ടുണ്ട്. ജോണ്‍ സ്മിത്തിന്റെ ക്രൂരതകള്‍ സഭയിലെ ഉന്നത വൈദികര്‍ക്ക് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
1970ല്‍ നടന്ന ഹാംഷെയറിലെ ഐവര്‍ണ്‍ ക്രിസ്ത്യന്‍ സമ്മര്‍ ക്യാമ്പുകളില്‍ വെച്ചാണ് ജോണ്‍ സ്മിത്ത് ആണ്‍കുട്ടികളെയും യുവാക്കളെയും ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. ഈ ക്യാമ്പില്‍ ജസ്റ്റിന്‍ വില്‍ബി പങ്കെടുത്തുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.
എന്നാല്‍ സ്മിത്തിന്റെ ക്രൂരതകളെ കുറിച്ച് വില്‍ബിക്ക് അറിവുണ്ടായിരുന്നു എന്നതിന് തെളിവുകളില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. പക്ഷെ 2013ല്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ വില്‍ബി സ്മിത്തിന്റെ ലൈംഗിക ദുരുപയോഗങ്ങള്‍ തുടരുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാലപീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കേപ് ടൗണ്‍ പൊലീസുമായോ അധികാരികളുമായോ സഭ ചര്‍ച്ച ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 1982 മുതല്‍ സ്മിത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പീഡന ആരോപണങ്ങളെ തുടര്‍ന്ന് സ്മിത്തിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് അന്വേഷണം നടക്കുന്നതിനിടെ സ്മിത്ത് മരിക്കുകയും ചെയ്തിരുന്നു.
Content Highlight: justin welby step down archbishop canterbury