| Friday, 4th October 2024, 1:06 pm

ഒള്ളുളേരെ ചെയ്യാന്‍ പറഞ്ഞതിന് ഞാന്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു; ഒരു ദുര്‍ബല നിമിഷത്തില്‍ സമ്മതിക്കേണ്ടിവന്നു: ജസ്റ്റിന്‍ വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാള സിനിമയിലെ മുന്‍നിര മ്യൂസിക് ഡയറക്ടറായി മാറിയ വ്യക്തിയാണ് ജസ്റ്റിന്‍ വര്‍ഗീസ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജോജി, അജഗജാന്തരം, ചാവേര്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അജഗജാന്തരം എന്ന സിനിമയിലെ സംഗീതത്തിന് അദ്ദേഹത്തിന് നിരവധി പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിലെ ഒള്ളുളേരെ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു.

ഒള്ളുളേരെ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ജസ്റ്റിന്‍ വര്‍ഗീസ്. ഒരു ഫോക്ക് സോങ് റീ വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം പറ്റില്ലെന്ന് പറഞ്ഞെന്നും ഒരു ദുര്‍ബല നിമിഷത്തില്‍ ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ എഡിറ്റര്‍ ആയിരുന്നു അങ്ങനെ ഒരു പാട്ട് വേണമെന്ന് പറഞ്ഞതെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ഭയങ്കരമായി താന്‍ ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

പാട്ടിറങ്ങി യൂട്യൂബില്‍ മില്യണ്‍ വ്യൂസ് കിട്ടിയപ്പോള്‍ സന്തോഷമായെന്നും ഒളിമ്പിക്‌സില്‍ പാട്ടിട്ടെന്നറിഞ്ഞപ്പോള്‍ എഡിറ്റര്‍ വിളിച്ച് ഇപ്പോഴും തന്നോട് ദേഷ്യമുണ്ടോയെന്ന് ചോദിച്ചെന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിഒരുന്നു അദ്ദേഹം.

‘ഒരു ഫോക്ക് സോങ് റീ വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അപ്പോള്‍ തന്നെ പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ ഒര്‍ജിനല്‍ സ്‌കോര്‍ മാത്രമേ ചെയ്യുകയുള്ളെന്നും ഇങ്ങനെ ഉള്ളതൊന്നും ചെയ്യില്ലെന്നും പറഞ്ഞു. പിന്നെ നമ്മള്‍ എല്ലാവരും കൂടെ കമ്പനി അടിച്ചിരുന്ന ഒരു ദുര്‍ബല നിമിഷത്തില്‍ പ്രൊഡ്യൂസറും മറ്റുള്ളവരും കൂടെ എന്നെ കൊണ്ട് ചെയ്യാമെന്ന് സമ്മതിപ്പിക്കുകയായിരുന്നു. അവസാനം ഞാന്‍ അത് ഏറ്റു.

സിനിമയുടെ എഡിറ്റര്‍ ആയിരുന്നു അങ്ങനെ ഒരു പാട്ട് വേണമെന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തോട് ഭയങ്കര വഴക്കൊക്കെ ഇട്ടിരുന്നു. ആ പാട്ടിറങ്ങി കഴിഞ്ഞപ്പോള്‍ പാട്ടുമായി ബന്ധപ്പെട്ട ഒന്ന് രണ്ട് ആളുകള്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. അപ്പോള്‍ ഞാന്‍ എല്ലാവരോടും എന്നെകൊണ്ട് ഇതെല്ലം ചെയ്യിപ്പിച്ച് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണല്ലേ എന്നൊക്കെ പറഞ്ഞു ബഹളം വെച്ചായിരുന്നു.

പിന്നെ പാട്ട് യൂട്യൂബില്‍ മില്ല്യണ്‍ അടിച്ചപ്പോഴൊക്കെ സന്തോഷമായി. അതുകഴിഞ്ഞ് ഒളിമ്പിക്‌സില്‍ ഒള്ളുളേരെ പാട്ട് വെച്ചെന്നൊക്കെ അറിഞ്ഞപ്പോള്‍ എഡിറ്റര്‍ എന്നെ വിളിച്ചിട്ട് ഇപ്പോഴും എന്നോട് ആ ദേഷ്യമുണ്ടോ. ഇപ്പൊ എങ്ങനെ ഉണ്ട്, ചെയ്യില്ലെന്ന് പറഞ്ഞ ആളല്ലേ എന്നൊക്കെ ചോദിച്ചു,’ ജസ്റ്റിന്‍ വര്‍ഗീസ് പറയുന്നു.

Content Highlight: Justin Varghese Talks About Ollulleru Song

We use cookies to give you the best possible experience. Learn more