ഒട്ടാവ: അടുത്ത മാസം ന്യൂദല്‍ഹിയില്‍ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയെ ക്ഷണിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഉച്ചകോടിയില്‍ ഉക്രൈന് വേണ്ടി സംസാരിക്കുമെന്നും ലോകം ഉക്രൈന്റെ കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
നെതര്‍ലന്‍ഡ്, സിംഗപൂര്‍, സ്‌പെയ്ന്‍, യു.എ.ഇ, ഒമാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ വെച്ച് നടന്ന ജി7 ഉച്ചകോടിയിലേക്ക് ഉക്രൈനെ ക്ഷണിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിയില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൊളോഡിമര്‍ സെലന്‍സ്‌കിയുമായി നടത്തിയ സംഭാഷണത്തിലായിരുന്നു ഉക്രൈനെ ക്ഷണിക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് ട്രൂഡോ അറിയിച്ചത്.
‘ഒരാഴ്ചക്കുള്ളില്‍ ഞാന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കും. നിങ്ങളെ ക്ഷണിക്കാത്തതില്‍ എനിക്കേറെ വിഷമമുണ്ട്,’ ഉക്രൈന്റെ 32-മത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇരുവരും ചേര്‍ന്ന് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സെലന്‍സ്‌കിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സി.ബി.സി ന്യൂസാണ് ഇരുവരുടെയും സംഭാഷണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേര്‍ന്ന് ഉക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധ്യമായതെല്ലാം കാനഡ ചെയ്യും,’ ട്രൂഡോയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈനിക, സാമ്പത്തിക, മാനുഷിക ആവശ്യങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
സംഭവത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഡിസംബറിലാണ് ജി20 ആതിഥേയത്വം ഇന്ത്യ ഏറ്റെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തരായ 20 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. 2018 ഫെബ്രുവരിക്ക് ശേഷമാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
Content Highlights: Justin Trudue express disappoint to not invite zelensky in G20 Summit