| Tuesday, 20th February 2018, 12:39 am

ഇന്ത്യയിലെത്തിയ ട്രൂഡോയെ തിരിഞ്ഞുനോക്കാതെ മോദി; ആക്ഷേപവുമായി കനേഡിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താത്തതിന് വിമര്‍ശനം. ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന ലോകനേതാക്കളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താറുള്ള മോദി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രൂഡോയെ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് കനേഡിയന്‍ രാഷ്ട്രീയ നിരീക്ഷകരുടെ ആക്ഷേപം.

ശനിയാഴ്ചയാണ് എട്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയിലെത്തിയത്. കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് ട്രൂഡിഡോയെയും കുടുംബത്തേയും സ്വീകരിക്കാനായി എത്തിയത്.

അമേരിക്കന്‍ പ്രസിഡന്റിന്‍റെ മകള്‍ ഇവാന്‍കാ ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദി പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് ഇവരെ വിമാനത്താവളത്തില്‍ എത്തി ആലിംഗനം ചെയ്ത് സ്വീകരിക്കുകയും ഇവര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ മോദി തിരക്കിലായതു കൊണ്ടാണ് ട്രൂഡോക്കൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാത്തതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് ട്രൂഡോയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മുസ്ലിം അഭയാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ച ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ബലിപ്പെരുന്നാള്‍ ദിനത്തില്‍ ലോകത്താകമാനമുള്ള മുസ്ലിം വിശ്വാസികള്‍ക്ക് ആശംസ അറിയിച്ചും അദ്ദേഹം ലോകത്തിന്റെ കയ്യടി നേടിയിരുന്നു.

We use cookies to give you the best possible experience. Learn more