ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിയിലേക്കെന്ന് സൂചന. ട്രൂഡോയുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗ്ലോബ് ആന്‍ഡ് മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ രാജിക്കൊരുങ്ങുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.
ട്രൂഡോ എപ്പോഴാണ് രാജിവെക്കുന്നതെന്ന കാര്യം തങ്ങള്‍ക്ക് കൃത്യമായി അറിയില്ലെന്നും എന്നാല്‍ ബുധനാഴ്ചത്തെ ദേശീയ കോക്കസ് മീറ്റിങ്ങിന് മുമ്പ് അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്രോതസ്സുകള്‍ ഗ്ലോബ് ആന്‍ഡ് മെയിലിനോട് പറഞ്ഞു.
ട്രൂഡോ ഉടന്‍ രാജിവെക്കുമോ അതോ ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്ന കാര്യത്തില്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ത്തു.
2013ല്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായപ്പോഴാണ് ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പില്‍ ലിബറലുകള്‍ കണ്‍സര്‍വേറ്റീവുകളോട് ദയനീയ പരാജയം ഏറ്റുവാങ്ങി തോല്‍ക്കുമെന്ന് സര്‍വേ ഫലങ്ങള്‍ പുറത്ത് വിട്ടിരുന്നു.
അതേസമയം ലിബറല്‍ പാര്‍ട്ടിയുടെ ഇടക്കാല നേതാവായും അടുത്ത പ്രധാനമന്ത്രിയായും ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കിനെ നിയമിക്കാന്‍ ട്രൂഡോ ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Justin Trudeau to resign? It is reported that he may resign within a week