ന്യൂദല്‍ഹി: ജി20 ഉച്ചക്കോടിക്കായി ദല്‍ഹിയിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ താമസിക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളിലായി ദല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാ വി.ഐ.പികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മുറികള്‍ ബുക്ക് ചെയ്തിരുന്നു.
ന്യൂദല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ലളിതിലാണ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മുറിയൊരുക്കിയത്. അവിടെ താമസിക്കാന്‍ വിസമ്മതിച്ച ട്രൂഡോ ലളിതിലെ തന്നെ സാധാരണ മുറി ഉപയോഗിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ രഹസാന്യേഷ്വണ ഉദ്യാഗസ്ഥര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനം തകരാറിലായതിനെ തുടര്‍ന്ന് പുതിയ വിമാനം കാനഡയില്‍ നിന്ന് എത്തുന്നതുവരെ ജി20ക്ക് ശേഷവും ഒന്നര ദിവസം ജസ്റ്റിന്‍ ട്രൂഡോ ദല്‍ഹിയില്‍ തങ്ങിയിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ യാത്ര ചെയ്യുന്ന ‘എയര്‍ ഇന്ത്യ വണ്‍’ വിമാനം വിട്ടുനല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചെങ്കിലും അതും സ്വീകരിക്കാന്‍ ട്രൂഡോ തയ്യാറായില്ല.
ജി20യില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കായി 30ലധികം ഹോട്ടലുകളാണ് ദല്‍ഹിയില്‍ ഒരുക്കിയത്. ഐ.ടി.എസി മൗര്യ ഷെരാട്ടണിലാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ താമസിച്ചത്. താജിലാണ് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിന് താമസസൗകര്യം ഒരുക്കിയത്. ദല്‍ഹി പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കുമായിരുന്നു പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുടെ സുരക്ഷ ചുമതല.
Content Highlights: Justin Trudeau refused presidential suite offered by India during G20 Summit