കാല്‍ഗറി: കാനഡയിലെ മുന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പരിസര പ്രദേശത്തുനിന്നും ഗോത്രവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ ശവക്കല്ലറകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡയിലെ ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്കും ദുരന്തങ്ങളില്‍ നിന്ന് അതിജീവിച്ചവര്‍ക്കും നേരത്തെ അറിയാവുന്ന സത്യമാണ് ഇപ്പോള്‍ രണ്ട് മുന്‍ റസിഡന്‍സ് സ്‌കൂളുകളിലുമായി കണ്ടെത്തിയ തെളിവുകളില്‍ നിന്നും സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്.
ഇത്തരം ക്രൂരതകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനായി ഫണ്ടും മറ്റു വിഭവങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
‘രാജ്യത്ത് ഗോത്രസമൂഹം നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിതമായ വംശീയതയുടെയും വിവേചനത്തിന്റെയും അനീതിയുടെയും ഓര്‍മപ്പെടുത്തലാണ് ഇവയൊക്കെ. ഒരുമിച്ച് തന്നെ നമ്മള്‍ ഈ സത്യത്തെ അംഗീകരിക്കണം. ചരിത്രത്തില്‍ നിന്നും നമ്മള്‍ പാഠം ഉള്‍ക്കൊണ്ട് അനുരഞ്ജനത്തിന്റെ പാതയിലൂടെ നമുക്ക് മുന്നേറാന്‍ സാധിക്കണം. അങ്ങനെ വന്നാല്‍ നമുക്ക് നല്ലൊരു ഭാവിയെ വാര്‍ത്തെടുക്കാന്‍ സാധിക്കും,’ ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
സസ്‌കാച്ച്‌വനിലെ മുന്‍ മരീവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രദേശത്തുനിന്നാണ് കഴിഞ്ഞ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത 751 ശവക്കല്ലറകള്‍ കണ്ടെത്തിയത്.
ഈ കല്ലറകളിലുള്ളവരില്‍ കൂടുതലും പ്രദേശത്തെ കാണാതായ ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളാണെന്നാണ് സസ്‌കാച്ച്‌വനിലെ ഗോത്രവര്‍ഗം പറയുന്നത്.
പതിറ്റാണ്ടുകളായി ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും, പലപ്പോഴും നിര്‍ബന്ധിതമായി കൊണ്ടു പോകുകയും പള്ളികള്‍ നടത്തുന്ന ബോര്‍ഡിംഗ് സ്‌കൂളുകളിലും മറ്റും പാര്‍പ്പിക്കുകയും ചെയ്തിരുന്നു. പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന ഇവരെ തദ്ദേശീയമായ ഭാഷ സംസാരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കാണാതായ കുട്ടികളെ സംസ്‌കരിച്ച ചെയ്ത സ്ഥലമാണ് കണ്ടെത്തിയതെന്നാണ് കനേഡിയന്‍ ഗോത്രവര്‍ഗ ഗ്രൂപ്പായ ഫസ്റ്റ് നേഷന്‍ പറയുന്നത്.
1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ സജീവമായിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍ നടന്നിരുന്നത്.
ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും അടുത്തിടെ 215ഓളം കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ തുടരന്വേഷണത്തിലാണ് വീണ്ടും മറ്റൊരു സ്‌കൂളില്‍ ശവക്കല്ലറകള്‍ കണ്ടെത്തിയത്. കംലൂപ്‌സിലെ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മൂന്ന് വയസ്സുമുതലുള്ള കുട്ടികളെ അടക്കിയിട്ടുണ്ടെന്നാണ് കാനഡയിലെ ഔദ്യോഗിക വക്താവ് പ്രതികരിച്ചത്.
പതിറ്റാണ്ടുകളായി ആയിരത്തിലധികം കുട്ടികളെയാണ് ഇത്തരം സ്‌കൂളുകളില്‍ നിന്നും കാണാതായിരുന്നത്.
കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നതെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷം നീണ്ട പഠനത്തിനും അന്വേഷണത്തിനും ഒടുവിലായിരുന്നു ഈ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നത്
ഗോത്രവിഭാഗങ്ങളായി ജനിച്ചു പോയി എന്നത് മാത്രമാണ് തങ്ങള്‍ ചെയ്ത ഏക കുറ്റമെന്നാണ് ഫെഡറേഷന്‍ ഓഫ് സോവറിന്‍ ഇന്‍ഡിജെനസ് നേഷന്‍സ് തലവന്‍ ചീഫ് ബോബി കാമറൂണ്‍ പറഞ്ഞത്.
ഈ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതുവരെ തെരച്ചില്‍ നിര്‍ത്തില്ലെന്നും ബോബി കാമറൂണ്‍ പറഞ്ഞു.
‘ലോകം കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങളെ കൂട്ടക്കൊല ചെയ്തതിന്റെ തെളിവുകള്‍. ഞങ്ങള്‍ക്കായി കോണ്‍സ്ണ്‍ട്രേഷന്‍ ക്യാംപുകളുണ്ടായിരുന്നു. ഇത്തരം സ്‌കൂളുകള്‍ അറിയപ്പെട്ടിരുന്നത് ഇന്ത്യന്‍ റസിഡന്‍സ് സ്‌കൂളുകള്‍ എന്നായിരുന്നു. ഫസ്റ്റ് നേഷന്‍ വിഭാഗങ്ങളെ തുരത്താന്‍ ശ്രമിച്ച ഒരു രാജ്യമായി കാനഡ അറിയപ്പെടും. ഇപ്പോഴിതാ അതിന് തെളിവും ലഭിച്ചിരിക്കുന്നു,’ ചീഫ് കാമറൂണ്‍ പറഞ്ഞു.
ജൂണ്‍ ഒന്നുമുതലാണ് ഈ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചത്. നൂറുകണക്കിന് ശവക്കല്ലറകളുടെ കല്ലുകളും മറ്റും മനപൂര്‍വ്വം എടുത്തു മാറ്റിയിട്ടുണ്ടെന്നാണ് ഫസ്റ്റ് നേഷന്‍ നേതാവ് പറഞ്ഞത്.
ചരിത്രത്തിലലെ ഇത്തരം വംശീയതയുടെ അടയാളങ്ങളെ കണ്ടെത്തുന്നതിനായി എല്ലാ പിന്തുണയും നല്‍കുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചത്.
ഇത്തരം റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് ഗോത്രവിഭാഗത്തിലെ കുട്ടികള്‍ ഇരയാക്കപ്പെട്ടിരുന്നതെന്ന് 2015ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശാരീരിക പീഡനം, ലൈംഗിക ഉപദ്രവം, ഗോത്രസംസ്‌കാരത്തിന്റെ ഭാഗമായ കാര്യങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ഉപേക്ഷിപ്പിക്കല്‍ തുടങ്ങി നിരവധി നടപടികളാണ് കുട്ടികള്‍ക്കെതിരെ സ്വീകരിച്ചിരുന്നത്.
150,000 കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ അക്കാലത്ത് പഠിച്ചിരുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ 4100 കുട്ടികള്‍ ഈ സ്‌കൂളുകളില്‍ വെച്ച് മരണപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള കണക്കുകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Justin Trudeau comment about 751 graves found in Canada former residential school