| Saturday, 5th June 2021, 7:30 pm

മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതി കയറേണ്ടി വരും; സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ കത്തോലിക്ക സഭയ്‌ക്കെതിരെ ട്രൂഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടന്നിരുന്ന കാനഡയിലെ മുന്‍ റെസിഡന്‍സ് സ്‌കൂളില്‍ നിന്നും കുട്ടികളുടെ മൃതദേഹാവിശഷ്ടിടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

കത്തോലിക്ക സഭ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗോത്രവിഭാഗങ്ങള്‍ക്കായി നടത്തിയിരുന്ന സ്‌കൂളുകളെയും അവിടെയുണ്ടായിരുന്ന കുട്ടികളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സഭക്കെതിരെ നിയമനടപടിയടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രൂഡോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മുന്‍ വര്‍ഷങ്ങളിലും ഇപ്പോഴും സഭ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ ഒരു കത്തോലിക്കന്‍ കൂടിയായ താന്‍ ഏറെ നിരാശനാണെന്നും ട്രൂഡോ പറഞ്ഞു.

19ാം നൂറ്റാണ്ടില്‍ ഗോത്രവിഭാഗക്കാരുടെ കുട്ടികള്‍ക്കായി നടത്തിയിരുന്ന സ്‌കൂളുകളില്‍ വെച്ച് നാലായിരത്തിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്ന് നേരത്തെ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നെും എന്നാല്‍ സഭ സ്വയം പ്രതിരോധിക്കാന്‍ മാത്രമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

സഭക്കെതിരെ കോടതിയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നതിനും മുന്‍പ് തന്നെ മതനേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ടെന്ന് മനസ്സിലാക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ട്രൂഡോ പറഞ്ഞു.

മെയ് അവസാന വാരത്തിലാണ്, 19ാം നൂറ്റാണ്ടില്‍ കാനഡ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നടത്തിയിരുന്ന ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 1978ല്‍ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നതെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷം നീണ്ട പഠനത്തിനും അന്വേഷണത്തിനും ഒടുവിലായിരുന്നു ഈ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നത്.

1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ സജീവമായിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍ നടന്നിരുന്നത്.

റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് ഗോത്രവിഭാഗത്തിലെ കുട്ടികള്‍ ഇരയാക്കപ്പെട്ടിരുന്നതെന്ന് 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ശാരീരിക പീഡനം, ലൈംഗിക ഉപദ്രവം, ഗോത്രസംസ്‌കാരത്തിന്റെ ഭാഗമായ കാര്യങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ഉപേക്ഷിപ്പിക്കല്‍ തുടങ്ങി നിരവധി നടപടികളാണ് കുട്ടികള്‍ക്കെതിരെ സ്വീകരിച്ചിരുന്നത്. 2018ല്‍ സ്‌കൂളുകളില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളില്‍ ഗോത്രവിഭാഗങ്ങളോട് കനേഡിയന്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിരുന്നു.

1,50,000 കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ അക്കാലത്ത് പഠിച്ചിരുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ 4100 കുട്ടികള്‍ ഈ സ്‌കൂളുകളില്‍ വെച്ച് മരണപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള കണക്കുകള്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ നേരത്തെ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

കംലൂപ്സ് റസിഡന്‍ഷ്യല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ വിവരങ്ങള്‍ തങ്ങളുടെ കമ്യൂണിറ്റിയില്‍ പെട്ടവര്‍ക്കിടിയില്‍ നിന്നും കണ്ടെത്തുമെന്നും പ്രാഥമിക റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കുമെന്നും ടെക്എംപസ് ട്വേ ഷ്വാംപെംക് നേഷന്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Justin Trudeau against Catholic Church

We use cookies to give you the best possible experience. Learn more