| Friday, 20th December 2024, 9:30 am

കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ബൗളറുടെ വലംകൈ പതിപ്പാണ് ബുംറ: മുന്‍ ഓസീസ് താരം ജസ്റ്റിന്‍ ലാംഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ സാറ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തിരുന്നു. അഡ്‌ലെയ്ഡിലെ രണ്ടാം മത്സരത്തില്‍ നാല് ബാറ്റര്‍മാരെ പുറത്താക്കുകയും ചെയ്തു. ഗാബയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഒമ്പത് വിക്കറ്റും ബുംറ നേടിയിരുന്നു.

ഇപ്പോള്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പരിശീലകനും മുന്‍ താരവുമായ ജസ്റ്റിന്‍ ലാംഗര്‍. ബുംറ മികച്ച ബൗളറാണെന്നും പാക് ഇതിഹാസം വസീം അക്രത്തെപോലെയാണ് ബുറയെന്നും ലാംഗര്‍ പറഞ്ഞു. മാത്രമല്ല രണ്ട് വഴിക്കും സ്വിങ് ചെയ്യിപ്പിക്കാനുള്ള കഴിവ് താരത്തിന് ഉണ്ടെന്നും ലാംഗര്‍ പറഞ്ഞു.

‘ജസ്പ്രീത് ബുംറയെ നേരിടുന്നത് ഞാന്‍ വെറുക്കുന്നു. ബുംറ വസീം അക്രത്തെ പോലെയാണ്. എന്റെ കരിയറില്‍ ഞാന്‍ നേരിട്ട ഏറ്റവും മികച്ച ബൗളറായിരുന്ന ഇടങ്കയ്യന്‍ ബൗളര്‍ വസീമിന്റെ വലംകൈ പതിപ്പാണ് ബുംറ. ബുംറയ്ക്ക് പന്ത് രണ്ട് വഴിക്കും സ്വിങ് ചെയ്യാനുള്ള കഴിവുണ്ട്, അദ്ദേഹത്തിന്റെ സീം മികച്ചതാണ്.

സീം പെര്‍ഫെക്റ്റ് ആണെങ്കില്‍ ബൗളര്‍ക്ക് പന്ത് സ്വിങ് ചെയ്യാന്‍ കഴിയുമെങ്കില്‍ ബാറ്റര്‍മാര്‍ ഉറപ്പായും ബുദ്ധിമുട്ടും. വസീം അക്രം ചെയ്തിരുന്നതും അത് തന്നെയാണ്. ബാറ്റര്‍മാര്‍ക്ക് ഇതൊരു പേടിസ്വപ്നമായിരുന്നു. ബുംറയെ നേരിടാന്‍ ഞാന്‍ വെറുക്കുന്നു,’ ലാംഗര്‍ ദി നൈറ്റ്ലിയോട് പറഞ്ഞു.

ബോര്‍ഡര്‍ – ഗവാസ്‌കറിലെ ബോക്‌സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഇറങ്ങുക. മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Justin Langer Talking About Jasprit Bumrah And Wasim Akram

We use cookies to give you the best possible experience. Learn more