ന്യൂയോർക്ക്: ഇസ്രഈലിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ഗസയുടേത്. അബദ്ധം തിരിച്ചറിഞ്ഞ താരം സ്റ്റോറി ഡിലീറ്റ് ചെയ്‌തു.
ഇസ്രഈലിന് വേണ്ടി പ്രാർത്ഥിക്കൂ എന്ന് എഴുതിയ ഒരു സ്റ്റോറിയും ഒപ്പം അതേ വാചകത്തിലുള്ള ഒരു പോസ്റ്റും താരം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിലുണ്ടായിരുന്ന ചിത്രം 2022 മെയ് മാസത്തിൽ ഇസ്രഈലി വ്യോമാക്രമണത്തിൽ തകർന്ന ഗസ നഗരത്തിലെ കെട്ടിടങ്ങളുടേതായിരുന്നു.
തകർന്ന കെട്ടിട അവശിഷ്ടങ്ങളുടെ ചിത്രം പകർത്തിയത് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ്.
ആൾട്ട് ന്യൂസ് സ്ഥാപകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ എക്‌സിൽ ജസ്റ്റിൻ ബീബർ ഡിലീറ്റ് ചെയ്ത സ്റ്റോറിയും ചിത്രവുമായി ബന്ധപ്പെട്ട യഥാർത്ഥ വാർത്തയും ഷെയർ ചെയ്തു.
ഇസ്രഈൽ – ഫലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.