ന്യൂദല്‍ഹി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതകളില്‍പോലും വന്‍തോതില്‍ ടോള്‍ പിരിക്കാന്‍ കരാറുകാര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇത്തരമൊരു തീരുമാനമെടുക്കാന്‍ എന്ത് ന്യായമാണ് പറയാനുള്ളതെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡി.കെ ജെയ്ന്‍, എ.കെ ദേവ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഗൂര്‍ഗൗണ്‍- ദല്‍ഹി ഹൈവേയിലെ വന്‍തോതിലുള്ള ടോള്‍ പിരിവിനെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിയ്ക്കുകയായിരുന്നു കോടതി.
ഇപ്പോള്‍ നിര്‍മാണം നടക്കുകയോ, വീതികൂട്ടല്‍പ്രവര്‍ത്തനം തുടരുകയോ ചെയ്യുന്ന റോഡുകളില്‍ പോലും വാഹന ഉടമകളില്‍ നിന്ന് വന്‍തോതില്‍ ടോള്‍ പിരിക്കുകയാണെന്ന് പാര്‍ലമെന്ററി പാനല്‍ കണ്ടെത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.
” നിര്‍മാണം നടക്കുന്ന ഹൈവേകള്‍ പണമുണ്ടാക്കാനുള്ള യന്ത്രങ്ങളല്ല. അടിസ്ഥാനസൗകര്യങ്ങളും വികസനവും സാധാരണ പൗരന്‍മാര്‍ക്ക് വേണ്ടിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ സാധാരണക്കാര്‍ തന്നെ ഇതിന് പണം ചിലവാക്കേണ്ടി വരുന്നു. ഞങ്ങള്‍ ഇക്കാര്യം പരിശോധിക്കും” കോടതി പറഞ്ഞു.
” ഒരോ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു ടോള്‍ ബൂത്തുണ്ടാവും. ഒരാള്‍ ദല്‍ഹിയില്‍ നിന്നും അമൃതസര്‍വരെ റോഡിലൂടെ പോകുകയാണെങ്കില്‍ അയാളുടെ പോക്കറ്റില്‍ കുറച്ച് നൂറിന്റെ നോട്ടുകള്‍ കൂടി കരുതേണം: കോടതി നിരീക്ഷിച്ചു.
പൊതുതാല്‍പര്യ ഹരജിയുടെ പരിധിയില്‍ നിന്നും മാറുകയാണെന്ന കൗണ്‍സിലിന്റെ നിര്‍ദേശത്തെ ശക്തമായ വാക്കുകള്‍ കൊണ്ടാണ് ജസ്റ്റിസ് ജെയ്‌നും ഡെയ്‌വും എതിര്‍ത്തത്. ” ഈ ഹരജിയുടെ സാധ്യതകളെ ഞങ്ങള്‍ വലുതാക്കുകയാണ്. ഇതിന്റെ പിന്നിലുള്ള നയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടണം. കരാറുകാരെ മാത്രം സഹായിക്കുകയെന്നത് മാത്രമാണോ നിങ്ങളുടെ നയം?” ജഡ്ജുമാര്‍ ചോദിച്ചു.
ടോള്‍ പിരിവുകളില്‍ നിന്നും ഒഴിവാക്കപ്പെടാനായി വാഹനയുടമകള്‍ സ്വന്തം സുരക്ഷപോലും അവഗണിക്കേണ്ട ഘട്ടത്തിലെത്തിയിരിക്കുകയാണ്. ടോള്‍ ബൂത്തിന് സമീപമെത്തിയാല്‍ അവിടെ നിന്നും പിറകോട്ട് വന്ന് മറ്റേതെങ്കിലും തെറ്റായ വഴിയിലൂടെ പോകുകയെന്നത് യാത്രക്കാര്‍ പതിവാക്കിയിരിക്കുകയാണ്. ഇത് പലപ്പോഴും അവരുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.