| Wednesday, 6th November 2024, 8:54 am

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധി ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ഭാഗമെന്ന് ഡി.വൈ. ചന്ദ്രചൂഡ്; കടുത്ത വിയോജിപ്പറിയിച്ച് മറ്റ് ജഡ്ജിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുനന്മയ്ക്കായി സ്വകാര്യ സ്വത്തുക്കളള്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രസ്താവനയ്ക്കിടെ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്കെതിരെ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.

1978ലെ രംഗനാഥ റെഡ്ഡി കേസിലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നീരീക്ഷണത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി ഒരു പ്രത്യേക പ്രത്യയശാത്രത്തിന്റെ ഭാഗമാണെന്ന് വിമര്‍ശിച്ചു. കൃഷ്ണയ്യര്‍ തന്റെ വിധിന്യായത്തില്‍ സോഷ്യലിസത്തേയും മാര്‍ക്‌സിനെയും ഉദ്ധരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

കഴിഞ്ഞ ദിവസമാണ് പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ സ്വത്തുക്കളും സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. 1978ലെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു ഒമ്പതംഗം ഭരണഘടന ബെഞ്ച് പുതിയ വിധി പ്രസ്താവിച്ചത്. എന്നാല്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സുധാന്‍ഷു ധൂലിയ എന്നിവര്‍ ഭിന്നവിധി പുറപ്പെടുവിക്കുകയും ചെയ്തു.

അതേസമയം വി.ആര്‍. കൃഷ്ണയ്യരുടെ വിധിയില്‍ പ്രസ്താവിച്ച് സിദ്ധാന്തങ്ങള്‍ പലതും ഭരണഘടനയുടെ അന്തസത്തയ്ക്ക് യോജിക്കാത്തതാണെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. അവ അന്നത്തെ കാലത്തെ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നവയാണെന്നും എന്നാല്‍ 1990കളില്‍ ഉദാരവല്‍ക്കരണം കടന്നുവന്നതോട് കൂടി വിപണി കേന്ദ്രീകൃത സാമ്പത്തിക മാതൃകയിലേക്ക് രാജ്യം കടന്നെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

എന്നാല്‍ ഭിന്നവിധി പുറുപ്പെടുവിച്ച ജസ്റ്റിസ് ബി.വി. നഗരത്നയും സുധാന്‍ഷു ധൂലിയയും വി.ആര്‍. കൃഷ്ണയ്യരെ വിമര്‍ശിച്ച ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

ജസ്റ്റിസ് വി.ആര്‍. കൃഷണയ്യരുടെ വിധിന്യായം അന്നത്തെ ഇന്ത്യുടെ സാമ്പത്തിക സാമൂഹിക അവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തെ ഇപ്പോള്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടത്. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ ക്രൂരമാണെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് തുടങ്ങിയവര്‍ ചീഫ് ജസ്റ്റിസിന്റെ വിധി റദ്ദാക്കലിനെ അനുകൂലിക്കുകയും ചെയ്തു.

എല്ലാ സ്വകാര്യഭൂമികളും ഭൗതിക വിഭവങ്ങളാണോ എന്ന ചോദ്യം ഉന്നയിച്ച് 1992ല്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജികളിലാണ് കോടതി വര്‍ഷങ്ങള്‍ക്കിപ്പുറം വിധി പ്രസ്താവിച്ചത്.

1992ല്‍ ഫയല്‍ ചെയ്ത ഹരജി പിന്നീട് 2002ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫര്‍ ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒന്നിലധികം നിയമതടസങ്ങള്‍ക്ക് ഒടുവില്‍ 2024ലാണ് ഹരജി പരിഗണിച്ചത്.

Content Highlight: Justice V.R  Krishnaiyar’s judgement is part of a specific ideology says D.Y. Chandrachud; Other judges strongly disagreed

Latest Stories

We use cookies to give you the best possible experience. Learn more