ജസ്റ്റിസ് യു.യു ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും
national news
ജസ്റ്റിസ് യു.യു ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th August 2022, 4:48 pm

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഉദയ് ഉമേഷ് ലളിത് എന്ന യു.യു ലളിതിനെ ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ശുപാര്‍ശക്കത്ത് ചീഫ് ജസ്റ്റിസ് ലളിതിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

ആഗസ്റ്റ് 26നാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിക്കുക. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ആഗസ്റ്റ് 27ന് ജുഡീഷ്യറി തലവനായി ലളിത് നിയമിതനാകും. മൂന്ന് മാസമായിരിക്കും ലളിതിന് ചീഫ് ജസ്റ്റിസ് സ്ഥാനത്തെ കാലാവധി. 2022 നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ വിരമിച്ചാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് യു.യു. ലളിതാണ്. 49ാമത് ചീഫ് ജസ്റ്റിസ് ആയിരിക്കും ലളിത്.

‘മുത്തലാഖ്’ വഴിയുള്ള വിവാഹമോചനം നിയമവിരുദ്ധമാണെന്ന് വിധിച്ച ബെഞ്ചിലെ അംഗമാണ് യു.യു ലളിത്. സുപ്രീം കോടതി ജഡ്ജിയായി ബാറില്‍നിന്ന് നേരിട്ടു നിയമിതനായ ജസ്റ്റിസ് എസ്.എം. സിക്രി കഴിഞ്ഞാല്‍ രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും ലളിത്.

1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത്, 1983 ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014 ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുന്‍പ്, 2ജി കേസിന്റെ വിചാരണയില്‍ സി.ബി.ഐയുടെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിട്ടുണ്ട്.

Content Highlight: Justice UU Lalit to be the next chief justice of India after NV Ramana