ഹിന്ദുമൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ നിയമങ്ങള്‍ കൂടുതല്‍ ശക്തി നല്‍കുന്നു: ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ്
national news
ഹിന്ദുമൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ നിയമങ്ങള്‍ കൂടുതല്‍ ശക്തി നല്‍കുന്നു: ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2024, 9:10 pm

ന്യൂദല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങളെ പ്രകീര്‍ത്തിച്ച് ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ. രാജ്യത്തിനായി ഇന്ത്യക്കാര്‍ സൃഷ്ടിച്ച മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ശിക്ഷയില്‍ നിന്ന് നീതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിയമവ്യവസ്ഥയെ സഹായിക്കുമെന്ന് ജസ്റ്റിസ് പറഞ്ഞു.

ആര്‍.എസ്.എസ് അഭിഭാഷകരുടെ സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് പരാമര്‍ശം.

പശ്ചാത്താപം ഉള്‍പ്പെടെയുള്ള ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ തയ്യാറാക്കിയതെന്നും ഹൈക്കോടതി ജസ്റ്റിസ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. പുനരധിവാസ നീതിയിക്ക് ഊന്നല്‍ നല്‍കാനും നിയമവ്യവസ്ഥയില്‍ തദ്ദേശീയ മൂല്യങ്ങള്‍ ഉള്‍പ്പെടുത്താനും നിയമനിര്‍മാതാക്കള്‍ മറന്നില്ലെന്നും സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു.

ഐ.പി.സി, സി.ആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നീ നിയമങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ഉത്പന്നങ്ങളാണെന്നും ജസ്റ്റിസ് പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക-സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമങ്ങളെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പറയുകയുണ്ടായി.

ഐ.പി.സിയില്‍ മാല പൊട്ടിക്കല്‍ പോലുള്ള ഒരു കുറ്റകൃത്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു. ഇന്ത്യയുടെ നഗരങ്ങളില്‍ ഇത് പതിവായി സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ മാല പൊട്ടിക്കുന്നതിനെ ഒരു മോഷണമായി കണക്കാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

ഇക്കാര്യത്തെ മുന്‍നിര്‍ത്തി പരിശോധിക്കുകയാണെങ്കില്‍ പുതിയ നിയമങ്ങള്‍ ഒരു ഒത്തുതീര്‍പ്പാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 19 വയസുള്ള ഒരാളെ കൊടും കുറ്റവാളികള്‍ക്കൊപ്പം ജയിലിലേക്ക് അയച്ചാല്‍ അവിടെ നീതി നടപ്പിലാകുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. തന്നെ സംബന്ധിച്ച് ഒരു ജഡ്ജി എന്ന നിലയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തി നൽകുന്നതാണെന്നും സ്വര്‍ണ കാന്ത പറഞ്ഞു.

അതേസമയം ദല്‍ഹി മദ്യനയ കേസില്‍, മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച ജസ്റ്റിസ് ആണ് സ്വര്‍ണ കാന്ത ശര്‍മ. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് നിരസിച്ചത്.

മദ്യനയ കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെയും ജാമ്യാപേക്ഷ സ്വര്‍ണ കാന്ത തള്ളിയിരുന്നു. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കല്‍ക്കരി അഴിമതി കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദിലീപ് റേയുടെ ശിക്ഷ ജസ്റ്റിസ് റദ്ദാക്കുകയും പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.

Content Highlight: Justice Swarna Kanta Sharma of Delhi High Court praised the new criminal laws