| Tuesday, 21st January 2020, 10:18 am

'കേന്ദ്രത്തിനെതിരെ ഹരജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്നില്ല'; ആരിഫ് ഖാനെതിരെ മുന്‍ ഗവര്‍ണര്‍ പി.സദാശിവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ ഗവര്‍ണര്‍ പി.സദാശിവം. കേന്ദ്രത്തിനെതിരെ ഹരജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ഭരണഘടന ബാധ്യത സംസ്ഥാന സര്‍ക്കാറിനില്ലെന്നാണ് പി.സദാശിവം പറഞ്ഞത്.

ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.സദാശിവം നിലപാടറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചില നിയമനിര്‍മ്മാണം നടത്തുമ്പോഴും മറ്റും മര്യാദയെന്ന നിലയില്‍ സര്‍ക്കാരിന് ഗവര്‍ണറെ അറിയിക്കാമെന്നും എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന നിയമപരമായ ബാധ്യത ഇല്ലെന്നും പി.സദാശിവം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാറിന്റെ വിശദീകരണം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ നേരത്തേ തള്ളിയിരുന്നു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാറിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗവര്‍ണറെ മനഃപൂര്‍വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നുമാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചത്. സര്‍ക്കാര്‍ വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്‍ണറെ അറിയിച്ചത്.

We use cookies to give you the best possible experience. Learn more