ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും കേരളത്തിലെ ബി.ജെ.പിയുടെ മുന്‍ ചുമതലക്കാരനുമായിരുന്ന സി.പി. രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി.
പന്ത്രണ്ട് ഇടങ്ങളിലേക്കാണ് പുതുതായി ഗവര്‍ണര്‍മാരെ നിയമിച്ചത്. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശിലും ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിമിന്റെയും ഗവര്‍ണര്‍മാരാകും. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും.
ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ച അബ്ദുല്‍ നസീര്‍ മുത്തലാഖ്, നോട്ട് നിരോധനം കേസുകളില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ്. അയോധ്യ കേസില്‍ ബാബാരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ര അവശിഷ്ടങ്ങളുള്ള ഇടമാണെന്നും പള്ളിയുടെ 2.77 ഏക്കര്‍ സ്ഥലം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് നല്‍കണമെന്നും നിലപാടെടുത്ത സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലും അബ്ദുല്‍ നസീര്‍ അംഗമായിരുന്നു.