74 വയസ്സായി, 40 വര്‍ഷത്തിനിടയില്‍ കണ്ട ഏക സിനിമ, തപ്‌സിക്ക് അഭിനന്ദനങ്ങളുമായി മുന്‍ സുപ്രീം കോടതി ജഡ്ജി കട്ജു
DMOVIES
74 വയസ്സായി, 40 വര്‍ഷത്തിനിടയില്‍ കണ്ട ഏക സിനിമ, തപ്‌സിക്ക് അഭിനന്ദനങ്ങളുമായി മുന്‍ സുപ്രീം കോടതി ജഡ്ജി കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th July 2020, 7:55 pm

മുംബൈ: നടി തപ്‌സി പന്നുവിന് അഭിനന്ദനവുമായി റിട്ടേര്‍യ്ഡ് സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. തപ്‌സിയുടെ മുള്‍ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജു അഭിനന്ദനമറിയിച്ചത്.

40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും തപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് മുന്‍ സുപ്രീം കോടതി ജഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ എനിക്ക് 74 വയസ്സായി, 40 വര്‍ഷത്തോളമായി ഞാന്‍ ഒരു സിനിമ പോലും കണ്ടിട്ടില്ല. കാലിഫോര്‍ണിയയില്‍ വെച്ച് കണ്ട മുള്‍ക് ഒഴികെ, നിങ്ങളുടെ പ്രകടനവും ( ഒപ്പം ഋഷി കപൂറിന്റെയും) മികച്ചതായിരുന്നു,’ മാര്‍ക്കണ്ഡേയ കട്ജു ട്വീറ്റ് ചെയ്തു.

ഇദ്ദേഹത്തിന്റെ ട്വീറ്റിന് തപ്‌സി മറുപടിയും നല്‍കി. എന്റെ വര്‍ക്ക് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്നുമാണ് തപ്‌സി ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടി കങ്കണ റണൗത്ത് തപ്‌സി പന്നുവിനെ ബി ഗ്രേഡ് നടിഎന്നു വിളിച്ചതിനു ശേഷം നിരവധി പേര്‍ തപ്‌സിപ്പു പിന്തുണയുമായി വരുന്നതിനിടയിലാണ് മുന്‍ സുപ്രീം കോടതി ജഡ്ജിന്റെ അഭിനന്ദനം.

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ നിരവധി ആരോപണങ്ങളുുമായി നടി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ചയില്‍ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, രാജീവ് മസന്ദ് തുടങ്ങിയവര്‍ക്കെതിരെ കങ്കണ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ചാനലില്‍ നടി തപ്സി പന്നുവിനെയും സ്വര ഭാസ്‌കറിനെയും കങ്കണ പരാമര്‍ശിച്ചിരുന്നു.

ഇരുവരും കരണ്‍ ജോഹറുള്‍പ്പെടെയുള്ള വന്‍കിട നിര്‍മാതാക്കളെ പിന്തുണയ്ക്കുകയാണെന്നും ഇവര്‍ കാരണം തന്നെയാണ് ഇരു നടികളും ബി ഗ്രേഡ് നടിമാരായിരിക്കുന്നതെന്നും അവര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഔട്ട് സൈഡേര്‍സ് ആണെന്നും കങ്കണ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ